ന്യൂഡൽഹി: കേരളത്തിലെ ബി.ജെ.പി.യിൽ നേതൃമാറ്റം ഉടൻ ഉണ്ടാകില്ല. വിവാദങ്ങൾ അടങ്ങുന്നതുവരെ സംഘടനാ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇപ്പോൾ ഇടപെട്ടാൽ അത് സി.പി.എം. ഉയർത്തുന്ന ആരോപണങ്ങളെ ശരിവെക്കലും പാർട്ടിയിലെ ഗ്രൂപ്പുകളുടെ വിലപേശലുകൾക്ക് ഇന്ധനം പകരലുമാകുമെന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. വിവാദങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സംസ്ഥാന നേതൃത്വത്തിന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നൽകിയ നിർദേശം.

കേരളത്തിലെ ബി.ജെ.പി. ഘടകത്തിന് എല്ലാപിന്തുണയും നൽകുമെന്ന് കേന്ദ്രനേതൃത്വം ഉറപ്പുനൽകിയതായി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മന്ത്രി വി. മുരളീധരനൊപ്പമാണ് സുരേന്ദ്രൻ നഡ്ഡയെ കണ്ടത്.

കള്ളപ്പണവിവാദം, സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണം, മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ പണം നൽകിയെന്ന കേസ് തുടങ്ങിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ബി.ജെ.പി.യിൽ നേതൃമാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കാൻ പ്രധാനമന്ത്രി നിയോഗിച്ച പ്രമുഖരിൽ ചിലർ നൽകിയ റിപ്പോർട്ടിലും നേതൃമാറ്റം വേണമെന്ന ശുപാർശ ഉണ്ടായിരുന്നു.

സി.പി.എമ്മിനെതിരേ മുട്ടിൽ മരംമുറി അടക്കമുള്ള വിഷയങ്ങളുയർത്തി പ്രതിരോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പാർട്ടിയും എൻ.ഡി.എ.യും ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങണം. പാർട്ടി പരിപാടികളിൽനിന്ന് ഗ്രൂപ്പുകൾ വിട്ടുനിൽക്കുന്ന പ്രവണത വർധിച്ചതിനെത്തുടർന്നാണ് ഒറ്റക്കെട്ടായി സമരത്തിനിറങ്ങണമെന്ന നിർദേശത്തിന് ഊന്നൽനൽകിയത്. തന്നെ കേന്ദ്രനേതൃത്വം വിളിപ്പിച്ചതല്ലെന്നും ദേശീയ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടിയല്ല ഡൽഹിയിലെത്തിയതെന്നും സുരേന്ദ്രൻ ആവർത്തിച്ചു.

വേറെ ചില ആവശ്യങ്ങളുമായാണ് ഡൽഹിയിൽ വന്നത്. വി. മുരളീധരൻ നഡ്ഡയെ കാണാൻ പോകുന്നു എന്നറിഞ്ഞപ്പോൾ പോയതാണ്. പിണറായി വിജയന്റെ കള്ളക്കളികൾക്കും ബി.ജെ.പി.ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിനും എതിരായി ശക്തമായി പ്രതികരിക്കാനാണ് നഡ്ഡ പറഞ്ഞത്. വരുംദിവസങ്ങളിൽ ജനകീയ പ്രതിഷേധമുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

എൻ.ഡി.എ. നേതാക്കൾ ഇന്ന് മുട്ടിൽ സന്ദർശിക്കും

മുസ്‌ലിം വിഭാഗത്തിന്റെ വോട്ടിനുവേണ്ടി സി.പി.എം. നടത്തുന്ന രാഷ്ട്രീയനീക്കങ്ങളാണ് ബി.ജെ.പി.ക്കെതിരേ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിലെന്ന് നഡ്ഡ അഭിപ്രായപ്പെട്ടതായി സുരേന്ദ്രൻ പിന്നീട് മാതൃഭൂമിയോട് പറഞ്ഞു. മുട്ടിൽ മരംമുറി നടന്ന പ്രദേശങ്ങൾ വെള്ളിയാഴ്ച കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ എൻ.ഡി.എ. സംഘം സന്ദർശിക്കും. സംഘടനാചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. ബൂത്തുതലംമുതൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് വിശകലനം, വരുംദിവസങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ എന്നിവ ചർച്ചചെയ്യും. രണ്ടുദിവസംകൂടി ഡൽഹിയിൽ തുടരുന്ന സുരേന്ദ്രൻ ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയേക്കും.