ന്യൂഡൽഹി: മോദിസർക്കാരിനെതിരേ വിഷയങ്ങളില്ലാതെ പ്രതിപക്ഷം പാപ്പരായെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐ.യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പ്രതിപക്ഷനേതാക്കൾക്കെതിരേ പകപോക്കൽ രാഷ്ട്രീയം പ്രയോഗിക്കുന്നുവെന്ന ആക്ഷേപം മന്ത്രി തള്ളിക്കളഞ്ഞു. “സർക്കാരല്ല. കോടതികളാണു പ്രതിപക്ഷനേതാക്കൾക്കെതിരേ നടപടിയെടുത്തത്. ജാമ്യം നൽകുന്നതും നൽകാതിരിക്കുന്നതും കോടതിയുടെ തീരുമാനമാണ്. സർക്കാരിന് ഇക്കാര്യത്തിൽ ഒരു പങ്കുമില്ല. പ്രതിപക്ഷം സർക്കാരിനെ വിമർശിക്കാൻ വിഷയങ്ങളില്ലാതെ പാപ്പരായിരിക്കുകയാണ്” -ജാവഡേക്കർ ചൂണ്ടിക്കാട്ടി.

ഒറ്റപ്പാർട്ടിസംവിധാനത്തിലേക്കാണു രാജ്യം നീങ്ങുന്നതെന്ന ആരോപണവും മന്ത്രി തള്ളി. “ഒരു പാർട്ടിയെയും തകർക്കാൻ ബി.ജെ.പി. ലക്ഷ്യമിടുന്നില്ല. ഉണർന്നുനിൽക്കേണ്ടത് അതതു പാർട്ടികളുടെ ചുമതലയാണ്. മറ്റു പാർട്ടികളെ പ്രവർത്തനസജ്ജരാക്കി നിർത്തേണ്ടത് ഞങ്ങളുടെ ചുമതലയല്ല. രാജ്യത്ത് എല്ലാ പാർട്ടികൾക്കും പ്രവർത്തിക്കാനുള്ള ഇടമുണ്ട്. ബി.ജെ.പി. വളരുന്നത് ജനങ്ങളുടെ പിന്തുണകൊണ്ടാണ്. ഈ സാധ്യത മറ്റ് പാർട്ടികൾക്കും ഉപയോഗിക്കാവുന്നതേയുള്ളൂ” -മന്ത്രി പറഞ്ഞു.

ജമ്മുകശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും ജനങ്ങൾ സന്തുഷ്ടരാണെന്നും ജാവഡേക്കർ പറഞ്ഞു.

Content Highlights: The opposition has turned bankrupt said Prakash Javdekar