ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ സുപ്രീം കമാൻഡർ സയിദ് സലാഹുദ്ദീനും ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകരായ ഭട്കൽ സഹോദരന്മാരുമടക്കം വിവിധ ഭീകരസംഘടനകളിൽപ്പെട്ട 18 പേരെ കേന്ദ്രം യു.എ.പി.എ. നിയമപ്രകാരം ഭീകരരായി പ്രഖ്യാപിച്ചു. ഹിസ്ബുളിനെ കൂടാതെ ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഇന്ത്യൻ മുജാഹിദ്ദീൻ, ദാവൂദ് ഇബ്രാഹിം സംഘം എന്നിവയിലെ അംഗങ്ങളാണ് പട്ടികയിലുള്ളത്.

2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിലെ ഗൂഢാലോചനക്കാരായ സാജിദ് മിർ, യൂസഫ് മുസമ്മിൽ എന്ന മുസമ്മിൽ ഭട്ട്, 1999-ൽ കാണ്ഡഹാറിലേക്ക് ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളും ജയ്‌ഷെ മുഹമ്മദ് നേതാക്കളുമായ ഇബ്രാഹിം അത്തർ, യൂസുഫ് അസർ, പാർലമെന്റ്‌ ആക്രമണം, പഠാൻകോട്ട് വ്യോമകേന്ദ്രാക്രമണം, പുൽവാമ ആക്രമണം എന്നിവയിലെ മുഖ്യ ആസൂത്രകൻ ജെയ്‌ഷെ മേധാവി മസൂദ് അസറിന്റെ സഹോദരൻ അബ്ദുൾ റൗഫ് അസ്ഗർ, ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകരായ റിയാസ് ഭട്കൽ, ഇഖ്ബാൽ ഭട്കൽ (ഭട്കൽ സഹോദരങ്ങൾ), ദാവൂദിന്റെ അടുത്ത കൂട്ടാളികളായ ഛോട്ടാ ഷക്കീൽ, അനീസ് ശൈഖ്, 1993 സ്ഫോടനക്കേസിലെ പ്രതി ടൈഗർ മേമൻ തുടങ്ങിയവർ പട്ടികയിലുണ്ട്. എല്ലാവരും ഇപ്പോൾ പാകിസ്താനിലാണ്.

ലെഷ്‌കറെ തൊയ്ബ മേധാവി ഹാഫിസ് സയിദിന്റെ സഹോദരീഭർത്താവ് അബ്ദുർ റഹ്മാൻ മക്കി, പാക് ഭീകരരായ ഷാഹിദ് മഹമൂദ്, ഫർഹത്തുള്ള ഗോറി, ഷാഹിദ് ലത്തീഫ്, ഹിസ്ബുൾ നേതാക്കളായ ദുലാം നബി ഖാൻ, സഫർ ഹുസൈൻ ഭട്ട്, ദാവൂദ് സംഘത്തിലെ ജാവേദ് ചിങ്ക എന്നിവരെയും ആഭ്യന്തരമന്ത്രാലയം പട്ടികയിൽ ഉൾപ്പെടുത്തി.

Content Highlights:The Center has declared 18 people, including the Hizbul chief, as terrorists