കോയമ്പത്തൂർ: പാകിസ്താനിലെ ബാലാകോട്ടിൽ ഭീകരകേന്ദ്രങ്ങൾക്കുനേരെ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വെളിപ്പെടുത്തേണ്ടത് സേനയല്ലെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ. അക്കാര്യം പറയേണ്ടത് സർക്കാരാണെന്നും കോയമ്പത്തൂരിൽ രാഷ്ട്രപതിയുടെ പ്രസിഡൻഷ്യൽ കളേഴ്‌സ് വിതരണച്ചടങ്ങിനിടെ അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

‘‘എത്രപേർ മരിച്ചുവെന്നത് സൈന്യത്തിന്റെ പരിഗണനാ വിഷയമല്ല. മരണം ഞങ്ങൾക്ക് എണ്ണാനാവില്ല. കെട്ടിടത്തിനകത്ത് എത്രപേർ ഉണ്ടായിരുന്നുവെന്നതിന് അനുസരിച്ചാകും അത്. ലക്ഷ്യസ്ഥാനമാണ് സേനയ്ക്കു പ്രധാനം. അതാണ് എണ്ണുക. ലക്ഷ്യസ്ഥാനത്ത് കൃത്യമായി ആഘാതം ഏൽപ്പിക്കാൻ കഴിഞ്ഞു’’ -അദ്ദേഹം പറഞ്ഞു.

ലക്ഷ്യസ്ഥാനത്തുനിന്ന് ഏറെ ദൂരെയാണ് ബോംബ് പതിച്ചതെന്ന് റിപ്പോർട്ടുകളുണ്ടല്ലോ എന്ന ചോദ്യത്തിന് ഞങ്ങളുടെ റിപ്പോർട്ട് മറിച്ചാണെന്നായിരുന്നു വിശദീകരണം. 350 ഭീകരർ കൊല്ലപ്പെട്ടതായാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ, ഇതിന് ആധികാരികമായ തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.

അഭിനന്ദൻ പരിക്കിൽനിന്ന് മോചിതനാകട്ടെ

പാകിസ്താനിൽനിന്ന് തിരിച്ചെത്തിയ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ പരിക്കിൽനിന്ന് മോചിതനായാൽ വിമാനം പറത്താൻ മടങ്ങിയെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

‘‘അഭിനന്ദന്റെ ആരോഗ്യപരിശോധന നടക്കുകയാണ്. അതു പൂർത്തിയായാൽ ചികിത്സയ്ക്കു വിധേയനാകും. അതിനുശേഷമേ വീണ്ടും യുദ്ധവിമാനം പറത്തുമോ ഇല്ലയോ എന്ന് പറയാനാകൂ.

പാരച്യൂട്ടിൽ ചാടുന്നത് ശരീരത്തിൽ വലിയ ആഘാതമുണ്ടാക്കും. ആരോഗ്യവാനല്ലെങ്കിൽ വീണ്ടും ഇത്തരം സാഹചര്യമുണ്ടായാൽ പിന്നീടുള്ളകാലം വീൽച്ചെയറിൽ കഴിയേണ്ടിവരും. അങ്ങനെ ഒരവസ്ഥ ഉണ്ടാകരുതെന്നതിനാൽ ആരോഗ്യസ്ഥിതിയിൽ വിട്ടുവീഴ്ചയ്ക്ക് സൈന്യം തയ്യാറല്ല’’ -അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 27-നാണ് ഇന്ത്യയുെടെ മിഗ് 21 ബൈസൺ വിമാനമുപയോഗിച്ച് പാകിസ്താന്റെ അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനം തകർത്തശേഷം അഭിനന്ദൻ പാക് സേനയുടെ പിടിയിലാവുന്നത്. മാർച്ച് ഒന്നിന് ഇന്ത്യയിൽ മടങ്ങിയെത്തി.

റഫാൽ സെപ്റ്റംബറിലെത്തും

2019 സെപ്റ്റംബറോടെ റഫാൽ വിമാനം വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി അറിയിച്ചു. 36 റഫാൽ വിമാനങ്ങൾക്കാണ് കരാർ. അടുത്തഘട്ടത്തിൽ ജഗ്വാർ, മിഗ് 29, മിറാഷ് 2000 വിമാനങ്ങൾക്കുപകരം തേജസ്സ് എം.കെ.-രണ്ട് കടന്നുവരും.

വ്യോമാക്രമണം നേരിടുന്ന സമയത്ത് എല്ലാ യുദ്ധവിമാനങ്ങളും ഉപയോഗിക്കേണ്ടിവരും. പാകിസ്താനെതിരേ ഉപയോഗിച്ച മിഗ് 21 ബൈസൺ എന്ന പരിഷ്കരിച്ച വിമാനമാണ്. ആധുനിക ആയുധങ്ങളാണ് ഇതിലുള്ളത്. കരുത്തേറിയ യുദ്ധവിമാനം തന്നെയാണ് മിഗ് 21. ഇതേക്കുറിച്ച് തെറ്റായ വാർത്തകൾ വരുന്നുണ്ട്. മിഗിന്റെ മികവുസംബന്ധിച്ച് സൈന്യത്തിന് സംശയമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: The air force doesn’t calculate casualty numbers, says Air force chief