ന്യൂഡൽഹി: ശശി തരൂർ എം.പി.യുടെ വിദേശച്ചുവയുള്ള ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയൽ. സാന്പത്തികതട്ടിപ്പുനടത്തി രാജ്യംവിടുന്നവരുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള ബില്ലുമായി ബന്ധപ്പെട്ടുനടന്ന ചർച്ചയ്ക്ക്‌ ലോക്‌സഭയിൽ മറുപടി പറയുകയായിരുന്നു ഗോയൽ.

ചർച്ചയിൽ കേന്ദ്രസർക്കാരിനെ തരൂർ കടന്നാക്രമിച്ചിരുന്നു. സർക്കാരിന്റെ പ്രസംഗവും പ്രവൃത്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നായിരുന്നു ആരോപണം. ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്തു കടന്നുകളഞ്ഞ രത്നവ്യാപാരി നീരവ് മോദിക്കൊപ്പം ദാവോസിൽനിന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ശശി തരൂർ ഉയർത്തിക്കാട്ടി.

തരൂരിന് മറുപടി പറയുന്പോഴായിരുന്നു, വിദേശച്ചുവയുള്ള ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് ഗോയലിന്റെ പരിഭവം. ഇതിനെതിരേ എൻ.കെ. േപ്രമചന്ദ്രൻ എം.പി. രംഗത്തെത്തി. ഒരു മന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്തുനിന്ന് രണ്ടുതവണ എം.പി.യായിട്ടുള്ള ശശി തരൂരിന്റെ ഇംഗ്ലീഷ് പദസമ്പത്ത് നേരത്തേയും ചർച്ചയായിട്ടുണ്ട്.