വാരാണസി: അഞ്ചുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിച്ച മണ്ഡലത്തിലെ ജനങ്ങളോടു നന്ദിപറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച വാരാണസിയിലെത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർഥിച്ചും ബി.ജെ.പി. പ്രവർത്തകരെ അഭിസംബോധന ചെയ്തും സ്വന്തം മണ്ഡലത്തിൽ അദ്ദേഹം സമയം ചെലവിട്ടു.

ബാബത്പുരിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമസേനാ വിമാനത്തിലെത്തിയ അദ്ദേഹത്തെ ഗവർണർ രാം നായിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥുംചേർന്നു സ്വീകരിച്ചു. അതിനുശേഷം ഹെലിക്കോപ്റ്ററിൽ അദ്ദേഹം പോലീസ് ലൈൻസിലേക്കു പോയി. ഇവിടെനിന്ന് റോഡുമാർഗമായിരുന്നു കാശി വിശ്വനാഥക്ഷേത്രത്തിലേക്കുള്ള യാത്ര. മോദിയെ കാണാൻ റോഡരികിലും കെട്ടിടങ്ങളുടെ മേൽക്കൂരകളിലും നിന്നിരുന്നവർ വാഹനവ്യൂഹത്തിനുമേൽ പുഷ്പവൃഷ്ടി നടത്തി. ഉത്സവാന്തരീക്ഷത്തിനു കൊഴുപ്പുപകരാൻ കലാകാരൻമാരുടെ പ്രകടനവുമുണ്ടായിരുന്നു.

ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്കും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമൊപ്പം ക്ഷേത്രത്തിൽ പ്രവേശിച്ച മോദി, അല്പനേരം പ്രാർഥനാനിരതനായി. ക്ഷേത്രപരിസരത്തെ ശിവലിംഗത്തിൽ അദ്ദേഹം പൂക്കളും ഗംഗാജലവും അർപ്പിച്ചു.

4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി ഇത്തവണ വാരാണസിയിൽ ജയിച്ചത്. 2014-ലേതിനെക്കാൾ ഒരുലക്ഷത്തോളം കൂടുതൽ വോട്ട് ഇത്തവണ അദ്ദേഹം നേടി.

പ്രത്യയശാസ്ത്രത്തിന്റെപേരിൽ പ്രവർത്തകരെ കൊല്ലുന്നു -മോദി

പ്രത്യയശാസ്ത്രത്തിന്റെപേരിൽ പശ്ചിമബംഗാളിൽ ബി.ജെ.പി. പ്രവർത്തകർ കൊല്ലപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. തിങ്കളാഴ്ച വാരാണസിയിൽ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

എണ്ണക്കണക്കുകൾക്കപ്പുറം (ജനങ്ങളുമായുള്ള) രസതന്ത്രമുണ്ടെന്ന് രാഷ്ട്രീയ വിശാരദൻമാർ അംഗീകരിക്കണമെന്ന് വാരാണസിക്കു നന്ദി പറയവേ അദ്ദേഹം പറഞ്ഞു. “രാജ്യത്തിനു ഞാൻ പ്രധാനമന്ത്രിയാണ്. നിങ്ങൾക്ക് ഞാൻ എം.പി.യാണ്. നിങ്ങളുടെ സേവകൻ” -അദ്ദേഹം പറഞ്ഞു.

സർക്കാരും പാർട്ടിയും പ്രവൃത്തിയും പ്രവർത്തകരും തമ്മിലുള്ള പരിപൂർണ ഏകോപനത്തിന് അദ്‌ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കെതിരേ മത്സരിച്ചവർക്കും അദ്ദേഹം നന്ദിയർപ്പിച്ചു.

മോദി കാശിയെ മാറ്റിത്തീർത്തു- അമിത് ഷാ

അഞ്ചുവർഷംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കാശിയെ പരിവർത്തനപ്പെടുത്തിയെന്ന് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ അഭിപ്രായപ്പെട്ടു. “എല്ലാവർക്കും നന്ദി. മോദിയെപ്പോലൊരാൾ നിങ്ങളെ ലോക്‌സഭയിൽ പ്രതിനിധാനം ചെയ്യുന്നെന്നത് നിങ്ങളുടെ ഭാഗ്യമാണ്. ഒരുപക്ഷേ, നാമനിർദേശ പത്രിക നൽകിയശേഷം സ്ഥാനാർഥി മണ്ഡലത്തിലെത്താതിരുന്ന ആദ്യ തിരഞ്ഞെടുപ്പാകും ഇത്. മോദിക്ക് അദ്ദേഹത്തിന്റെ വോട്ടർമാരിലുള്ള വിശ്വാസത്തിനു തെളിവാണത്”- ഷാ പറഞ്ഞു.

Content highlights: Thanksgiving of Narendra Modi to Varanasi