ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഇതരസംസ്ഥാനക്കാർക്കുനേരെയുള്ള ആക്രമണം തുടരുന്നു. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്ച ബിഹാറിൽനിന്നുള്ള രണ്ടു കുടിയേറ്റതൊഴിലാളികളെ ഭീകരർ വെടിവെച്ചുകൊന്നു. ഒരാൾക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ ഇതരസംസ്ഥാന തൊഴിലാളികൾക്കുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

തൊഴിലാളികളുടെ താമസസ്ഥലത്ത് കയറിയാണ് ഭീകരർ രണ്ടുപേരെ കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് ഇതരസംസ്ഥാനതൊഴിലാളികളെ പോലീസ് സുരക്ഷാക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയതായും കനത്ത തിരിച്ചടി നൽകുമെന്നും ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.

തൊഴിലാളികളുടെ കൊലപാതകത്തെ ബി.ജെ.പി. സംസ്ഥാന വക്താവ് അൽത്താഫ് ഠാക്കൂർ, പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയവർ അപലപിച്ചു. ശനിയാഴ്ച ബിഹാറിൽനിന്നുള്ള ഒരു തെരുവുകച്ചവടക്കാരനെയും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മരപ്പണിക്കാരനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു.

content highlights: terrorists kills two labourers in jammu kashmir