ബെംഗളൂരു: ശ്രീലങ്കയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ എണ്ണം പത്തായി. ഇതിൽ ഏഴുപേർ ജെ.ഡി.എസ്. പ്രവർത്തകരാണ്. ബെംഗളൂരുവിലെ വ്യവസായികളായ നാഗരാജ് റെഡ്ഡി (46), നാരായൺ ചന്ദ്രശേഖർ, രേമുറായി തുളസീറാം എന്നിവരുടെ മരണമാണ് അവസാനം സ്ഥിരീകരിച്ചത്.

ബി.ടി.എം. ലേഔട്ട് സ്വദേശിയായ നാഗരാജ് റെഡ്ഡിക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കിങ്‌സ്ബറി ഹോട്ടലിലായിരുന്നു നാഗരാജ് താമസിച്ചിരുന്നത്. നാഗരാജിന്റെ ബന്ധു പുരുഷോത്തം റെഡ്ഡി (47) കൊളംബോയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

കെ.എച്ച്. ഹനുമന്തരായപ്പ (53), ഉൾപ്പെടെ ആറ്‌ ജെ.ഡി.എസ്. പ്രവർത്തകരുടെ മൃതദേഹങ്ങൾ ബെംഗളൂരുവിലെത്തിച്ച് സംസ്കരിച്ചു. തുമകൂരു സ്വദേശി ലക്ഷ്മണഗൗഡ രമേഷ് (45), യെലഹങ്ക സ്വദേശി എ. മാരെഗൗഡ (45), നെലമംഗല സ്വദേശി എച്ച്. പുട്ടരാജു (37), ചൊക്കസാന്ദ്ര സ്വദേശി എം.രംഗപ്പ (47), ദാസറഹള്ളി സ്വദേശി എച്ച്. ശിവകുമാർ (62), നെലമംഗല സ്വദേശി കെ.എ. ലക്ഷ്മിനാരായണ (53) എന്നിവരാണ് മരിച്ച ജെ.ഡി.എസ്. പ്രവർത്തകർ.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ നേതാക്കൾ ഹനുമന്തരായപ്പയുടെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. കർണാടകയിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിനുശേഷം വിനോദയാത്രയ്ക്കുപോയ സംഘമാണ് ഈസ്റ്റർദിനത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

Content Highlights: ten karnataka natives killed in srilanka bomb blast