ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ താത്കാലികമായി വിലക്കി. അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണെന്ന് പാർട്ടി ശനിയാഴ്ച അറിയിച്ചു. അതുവരെ മറ്റു സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ രാഹുൽ ജനസമ്പർക്കം തുടരും.

ഡൽഹിയിൽ ബലാത്സംഗത്തിനിരയായി മരിച്ച ഒമ്പതുവയസ്സുകാരിയുടെ കുടുംബവുമൊത്തുള്ള ചിത്രം രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചതിനു പിന്നാലെയാണ് ഈ നടപടി. ഈ ട്വീറ്റ് ട്വിറ്ററിന്റെ ചട്ടങ്ങളുടെ ലംഘനമാണെന്ന സന്ദേശത്തോടെയാണ് രാഹുലിന്റെ അക്കൗണ്ട് വിലക്കിയത്.

ബുധനാഴ്ചയാണ് രാഹുൽ ചിത്രം പങ്കുവെച്ചത്. ഇതിനെതിരേ നടപടിയെടുക്കണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ ട്വിറ്ററിനോടും ഡൽഹി പോലീസിനോടും ആവശ്യപ്പെട്ടിരുന്നു. ബാലനീതി നിയമത്തിന്റെയും കുട്ടികളെ ലൈംഗികപീഡനത്തിൽനിന്നു സംരക്ഷിക്കുന്ന നിയമത്തിന്റെയും ലംഘനമാണിതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം. തുടർന്ന് കഴിഞ്ഞദിവസം ട്വിറ്റർവിവാദ ട്വീറ്റ് നീക്കിയിരുന്നു.

Content Highlights: Temporary ban for rahul gandhi in twitter