പുണെ: പുണെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം നിർമിച്ച് ബി.ജെ.പി. പ്രവർത്തകൻ. നമോ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ മയൂർ മുണ്ടെ(37)യാണ് തന്റെ ഭൂമിയിൽ മോദിക്കായി ക്ഷേത്രം പണിതത്. ഔന്ത് ഡി. പി. റോഡിലാണ് ക്ഷേത്രമുള്ളത്.

അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതിന്റെ ആദരസൂചകമായാണ് പ്രധാനമന്ത്രിയുടെ പേരിൽ പേരിൽ ക്ഷേത്രം പണിതതെന്ന് റിയൽ എസ്റ്റേറ്റ് ഏജന്റ് കൂടിയായ മയൂർ പറഞ്ഞു.

രണ്ടടി ഉയരമുള്ള മോദിയുടെ മാർബിൾ ശില്പമാണ് ക്ഷേത്രത്തിനകത്തുള്ളത്. ജയ്പുരിൽനിന്നുള്ള മാർബിൾ ഷോറൂം ഉടമ ദിവാൻഷു തിവാരിയാണ് പ്രതിമ നിർമിച്ചു നൽകിയത്. ജയ്പുരിൽനിന്ന് കൊണ്ടുവന്ന ചുവന്ന മാർബിൾ ഉപയോഗിച്ചാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത് .

സ്വാതന്ത്ര്യദിനത്തിൽ ഔന്തിലെ മുതിർന്ന പൗരനായ കെ.കെ. നായിഡുവാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ച വ്യക്തിക്ക് ഒരു ക്ഷേത്രം വേണമെന്ന് തോന്നിയതിനാലാണ് ഇത് നിർമിച്ചതെന്നാണ് മയൂർ മുണ്ടെ പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മയൂർ മുണ്ടെ രചിച്ച ഒരു കവിതയും ക്ഷേത്രത്തിന് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. നിർമാണച്ചെലവ് 1.6 ലക്ഷം രൂപയാണ്.