ഹൈദരാബാദ്: തെലങ്കാനയിൽ മേയ് 29 വരെ ലോക്ഡൗൺ നീട്ടാൻ ചൊവ്വാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാൽ, മേയ് എട്ടു മുതൽ ഇപ്പോഴുള്ള ഇളവുകൾ കൂടാതെ സംസ്ഥാനത്തെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ ചില ഇളവുകൾ കൂടി ഉണ്ടാകും. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലും ചുറ്റുമുള്ള പ്രദേശങ്ങളുമാണ് സംസ്ഥാന ആരോഗ്യവകുപ്പിന് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത്. ഇപ്പോൾ ദിവസേന സ്ഥിരീകരിക്കപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ കൂടുതലും ഹൈദരാബാദ് കോർപ്പറേഷൻ പരിധിയിൽനിന്നുമാണ്. ഹൈദരാബാദ് നഗരത്തിലെ പുതിയ വാർഡുകളാണ് റെഡ് സോൺ ആയി മാറുന്നത് എന്നതും അധികൃതർക്ക് ആശങ്കയുണ്ടാക്കുന്നു. ഇതുവരെ സ്ഥിരീകരിക്കപ്പെട്ട 1096 കേസുകളിൽ 640- ഉം ഹൈദരാബാദിൽനിന്നാണ്. തെലങ്കാനയിൽ പര്യടനം നടത്തിയ കേന്ദ്രസംഘവും ഇതു വിലയിരുത്തി. ലോക്ഡൗൺ നിയന്ത്രണങ്ങൾ വേണ്ട വിധത്തിൽ പാലിക്കാത്തതും 1.20 കോടി ജനസംഖ്യയുള്ള ഈ നഗരത്തിലെ ജനസാന്ദ്രതയും ഇതിന് കാരണമായേക്കാം.

ഹൈദരാബാദിലും അവിടത്തെ കന്റോൺമെന്റ് ഏരിയയിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ ആരോഗ്യമന്ത്രി രാജേന്ദറിനോടും ചീഫ് സെക്രട്ടറിയോടും മുഖ്യമന്ത്രി പ്രത്യേകം നിർദേശിച്ചു. ഇതിനിടെ തെലങ്കാനയിൽനിന്ന് അന്യസംസ്ഥാന തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് അയക്കാനായി 40 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ ഹൈദരാബാദ്, വാറങ്കൽ, രാമഗുണ്ടം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ ദിവസേന ഓടി തുടങ്ങും. ഒഡിഷ, ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കൂടുതൽ ട്രെയിനുകൾ. ഇതിനിടെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തെലങ്കാനക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നു വരുകയാണ്.

Content Highlights: Telengana Extended lock down till May 29