ഹൈദരാബാദ്: രാജ്യത്തെ 29-ാമത്തെ സംസ്ഥാനമായ തെലങ്കാന ആറാംവർഷത്തിലേക്ക്.

തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കെ. ചന്ദ്രശേഖർ റാവു ഭരണത്തിന്റെ അഞ്ചുവർഷം പൂർത്തിയാക്കി ആറാംവർഷത്തിലേക്ക്‌ കടക്കുമ്പോൾ സുസ്ഥിര, സുതാര്യ ഭരണമാണ് ജനങ്ങൾക്ക് ഉറപ്പുനൽകുന്നത്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് തെലങ്കാനയെ ഇന്ത്യയിലെ ഒന്നാംകിട സംസ്ഥാനമാക്കിത്തീർക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, തന്റെ സർക്കാർ നടപ്പാക്കിയ ഒട്ടേറെ സാമൂഹികക്ഷേമ പദ്ധതികൾ കേന്ദ്രവും മറ്റു സംസ്ഥാനസർക്കാരുകളും ഇപ്പോൾ നടപ്പാക്കുകയാണെന്ന് റാവു പറഞ്ഞു. ഹൈദരാബാദ് നിയമസഭാ മന്ദിരത്തിനടുത്തുള്ള പബ്ലിക് ഗാർഡൻസിൽ തെലങ്കാന ആവിർഭാവ ദിനോത്സവ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സർക്കാർ നടപ്പാക്കിയ റൈത്തു ബന്ധു, റൈത്തു ഭീമാ, മിഷൻ ഭഗീരഥ, മിഷൻ കാക്കട്ടിയ, ശാദി മുബാറക്, എല്ലാവർക്കും ആരോഗ്യം തുടങ്ങിയ പദ്ധതികൾ മറ്റുസംസ്ഥാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന രൂപവത്കരണദിനത്തോടനുബന്ധിച്ച് സംസ്ഥാന ജീവനക്കാർക്ക് ഡി.എ. കുടിശ്ശികസഹിതം അനുവദിച്ചു. റൈത്തുബന്ധു പദ്ധതിപ്രകാരം കർഷകർക്ക് സൗജന്യമായി നൽകുന്ന 8000 രൂപ 10,000 രൂപയാക്കി ഉയർത്തി.

രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെലങ്കാനയിലെ ജനങ്ങളെ തെലങ്കാന ആവിർഭാവ ദിനോത്സവത്തിൽ അനുമോദിച്ചു.

content highlights: Telangana State formation day