ഹൈദരാബാദ്: സൈദാബാദിലെ ആറുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിക്കുമെന്ന് തെലങ്കാന തൊഴിൽ മന്ത്രി മല്ല റെഡ്ഡി. ഈ കേസിലെ പ്രതി മരണത്തിന് അർഹനാണ്. അയാളെ പോലീസ് ഉടൻ പിടികൂടുമെന്നും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യാവകാശസംഘടനകൾ മന്ത്രിയുടെ പരാമർശത്തിനെതിരേ രംഗത്തെത്തി. ഒരാളെ കുറ്റവാളിയെന്ന് നിശ്ചയിക്കുന്നതും ശിക്ഷവിധിക്കുന്നതുമൊക്കെ മന്ത്രിമാരല്ല, അതിന് ഈ രാജ്യത്ത് നീതിപീഠങ്ങളുണ്ടെന്ന് അവർ പറഞ്ഞു. 2019 നവംബറിൽ ഹൈദരാബാദിനടുത്ത് വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാലുപേരെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും എതിർത്തും രാജ്യവ്യാപക പ്രതികരണങ്ങളുണ്ടായി.

നേരത്തേ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി സർക്കാർ ഏറ്റുമുട്ടലിൽ പ്രതികളെ കൊല്ലണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രി മല്ല റെഡ്ഡിയുടെ പ്രതികരണം.

കഴിഞ്ഞ ഒമ്പതിനാണ് ആറുവയസ്സുകാരിയെ കാണാതായത്. പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിനൽകി. പിറ്റേദിവസം പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയായ മുപ്പതുകാരൻ പല്ലക്കൊണ്ട രാജുവിന്റെ വീട്ടിൽ കണ്ടെത്തി. ഇയാൾ ഒളിവിലാണ്. പെൺകുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയാണുണ്ടായതെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു.

ടി.ആർ.എസ്. നേതാക്കൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെക്കണ്ട് ആശ്വസിപ്പിക്കുകയും സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് അറിയിക്കുകയും ചെയ്തു.