ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്തുകൊന്ന് കത്തിച്ച കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്നത് തെലങ്കാന സർക്കാരിന്റെ അറിവോടെയെന്നു സൂചന നല്കി സംസ്ഥാനമന്ത്രിയുടെ പ്രസ്താവന.

“മുകളിൽനിന്നുള്ള അനുമതിയില്ലാതെ ഇത്തരം ഏറ്റുമുട്ടൽ നടക്കില്ല” എന്നാണ് മൃഗസംരക്ഷണ മന്ത്രി തലസനി ശ്രീനിവാസ യാദവ് ഒരു ദേശീയമാധ്യമത്തോടു പറഞ്ഞത്. രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ സ്ഥിതിവെച്ചുനോക്കുമ്പോൾ കോടതികളിൽക്കൂടി നീതി നടപ്പാകുന്നത് വൈകുമെന്നതിനാൽ പെട്ടെന്ന് നടപടിയെടുക്കാൻ സമ്മർദമുണ്ടായിരുന്നെന്നും മന്ത്രി വെളിപ്പെടുത്തി.

2012-ലെ ഡൽഹി നിർഭയ കേസിൽ ഇതുവരെ പ്രതികളുടെ വധശിക്ഷ നടപ്പായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടലിലാണ് പ്രതികളെ പോലീസ് വധിച്ചതെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് പ്രസ്താവന.

അതേസമയം, പ്രതികളെ വധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽനിന്ന് അന്വേഷണസംഘം ഞായറാഴ്ച തെളിവെടുത്തു. ശനിയാഴ്ച സംഘം ഫൊറൻസിക് വിദഗ്‌ധനൊപ്പം ആശുപത്രിയിലെത്തി പ്രതികളുടെ മൃതദേഹങ്ങൾ പരിശോധിച്ചിരുന്നു.

വെടിവെപ്പ് നടന്ന സ്ഥലവും കണ്ടിരുന്നു. വെള്ളിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിലായിരുന്ന നാലു പ്രതികൾ വെടിവെപ്പിൽ മരിച്ചത്. സംഭവം വിവാദമായതോടെ അന്വേഷണത്തിനായി കമ്മിഷൻ ഏഴംഗസംഘത്തെ നിയോഗിക്കുകയായിരുന്നു.

Telangana: If you do something wrong and cruel, there will be an encounter, says minister