ഹൈദരാബാദ്: തെലങ്കാനയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനുമുമ്പായി ഡൽഹി എയിംസിലെ വിദഗ്‌ധരുടെ സഹായത്തോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കണമെന്നാണ് തെലങ്കാന ഹൈക്കോടതി ഹൈദരാബാദിലെ ഗാന്ധി ആശുപത്രി സൂപ്രണ്ടിനോടു നിർേദശിച്ചത്. അതിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പോസ്റ്റുമോർട്ടം നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്തി കോടതിക്ക്‌ നൽകണം. സാമൂഹികപ്രവർത്തകനായ കെ. സജയയും മറ്റുള്ളവരും നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഈ നിർദേശങ്ങൾ. ഹൈദരാബാദിലെ മെഹബൂബ് നഗർ സർക്കാരാശുപത്രിയിൽ ആദ്യം പോസ്റ്റുമോർട്ടംചെയ്ത മൃതദേഹങ്ങൾ പിന്നീട് ഗാന്ധി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഏറ്റുമുട്ടലിനുപയോഗിച്ച ആയുധങ്ങൾ കേന്ദ്ര ഫൊറൻസിക് ലബോറട്ടറിയിലേക്കയക്കണമെന്ന് പ്രത്യേക അന്വേഷണസംഘത്തോട് കോടതി നിർദേശിച്ചു. കേസിലെ പ്രാഥമികാന്വേഷണ റിപ്പോർട്ട്, കേസ് ഡയറി, മറ്റുരേഖകൾ എന്നിവയും സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യൽ കമ്മിഷനുമുന്നിൽ ഹാജരാക്കണം.

ഡിസംബർ ആറിനാണ് വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊന്നുകത്തിച്ച കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ് (26), ജൊല്ലു നവീൻ (20), ജൊല്ലു ശിവ (20), ചെന്നകേശവുലു (20) എന്നിവർ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി പ്രതികളെ ചതനപ്പള്ളിയിലെ കൊലനടന്ന സ്ഥലത്തെത്തിച്ചപ്പോൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെന്നും അപ്പോൾ വെടിവെച്ചുവെന്നുമാണ് പോലീസ് ഭാഷ്യം.

Content Highlights: telangana encounter; high court ordered to re postmortem