ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ ഉജ്ജ്വലവിജയത്തെത്തുടർന്ന് തെലങ്കാനയിൽ കോൺഗ്രസ്‌ നേതാക്കൾ ബി.ജെ.പി.യിലേക്ക്. മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ എം.പി.യും ഇപ്പോൾ എം.എൽ.എ.യുമായ കോമട്ടിറെഡ്ഡി രാജഗോപാൽ റെഡ്ഡി ഉടനെ ബി.ജെ.പി.യിൽ ചേർന്നേക്കും. അദ്ദേഹത്തോടൊപ്പം മറ്റു ചില നേതാക്കളും അനുയായികളും കോൺഗ്രസ്‌ വിട്ട് ബി.ജെ.പി.യിലെത്തും.

രാജഗോപാൽ റെഡ്ഡി മറ്റൊരു മുതിർന്ന നേതാവും എം.എൽ.എ.യുമായ ടി. ജഗ്ഗാറെഡ്ഡിയെ സന്ദർശിച്ച് ചർച്ച നടത്തി. ഇദ്ദേഹത്തെക്കൂടി ബി.ജെ.പി.യിലേക്കു ക്ഷണിച്ചു എന്നറിയുന്നു. രാജഗോപാൽ റെഡ്ഡി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഡൽഹിയിലെത്തി ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായെയും മറ്റു നേതാക്കളെയും കണ്ട് ചർച്ച നടത്തുമെന്നറിയുന്നു.

ഇവർ പാർട്ടി വിട്ടാൽ കോൺഗ്രസിന് അവശേഷിക്കുന്നത് മൂന്നോ നാലോ എം.എൽ.എ.മാരായിരിക്കും. എം.എൽ.എ.മാരായി കോൺഗ്രസ്‌ ടിക്കറ്റിൽ വിജയിച്ച 18 പേരിൽ 12 പേരും നേരത്തേ മൂന്നിൽരണ്ടു ഭൂരിപക്ഷം അവകാശപ്പെട്ട് ടി.ആർ.എസ്സിൽ ലയിച്ചിരുന്നു.

സംസ്ഥാനത്ത് ഈയിടെ നടന്ന ജില്ലാ പരിഷത്ത്, മണ്ഡൽ പരിഷത്ത് തിരഞ്ഞെടുപ്പിലും കോൺഗ്രസ്‌ വൻപരാജയം നേരിട്ടിരുന്നു. ടി.ആർ.എസ്. എല്ലാ ജില്ലാ പരിഷത്ത് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളും നേടി.

ഇതിനിടെ, ആന്ധ്രാ കോൺഗ്രസ്‌ നേതാക്കളായ ജെ.സി. ദിവാകർ റെഡ്ഡിയും മറ്റും ബി.ജെ.പി.യിൽ ചേർന്നേക്കുമെന്നും അറിയുന്നു.

Content Highlights: Telangana ,Congress, BJP