ഹൈദരാബാദ്: തെലങ്കാനയിൽ ശനിയാഴ്ച വെളുപ്പിന് മുതൽ ജീവനക്കാരുടെ സമരത്തെത്തുടർന്ന് ആർ.ടി.സി. ബസ്സുകൾ നിശ്ചലമായി. ആന്ധ്രാപ്രദേശിനെ പോലെ തെലങ്കാന സ്റ്റേറ്റ് ട്രാൻസ്പോർട്ട്‌ കോർപ്പറേഷനും സംസ്ഥാന സർക്കാരിൽ ലയിപ്പിക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ശമ്പളം പരിഷ്കരിക്കുക, വേതന കുടിശ്ശിക മുഴുവൻ നൽകുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ.

ഇതേക്കുറിച്ചു പിന്നീട് ചർച്ച നടത്താമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടോ ശനിയാഴ്ച വൈകീട്ട് ആറു മണിക്കകം ജോലിക്കു ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്ന ഗതാഗത മന്ത്രിയുടെ താക്കീതോ ജീവനക്കാരുടെ യൂണിയനുകൾ ചെവിക്കൊണ്ടില്ല.

തെലങ്കാനയിലെ മിക്ക റൂട്ടുകളും ഹൈദരാബാദ് സിറ്റി സർവീസ് മുഴുവനും കൈകാര്യംചെയ്യുന്നത് ടി.എസ്.ആർ.ടി.സി. ആണ്. ദസറ ഒഴിവു പ്രമാണിച്ച് ഹൈദരാബാദിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും ആർ.ടി.സി. ബുക്ക് ചെയ്തിരുന്നവർ ആയിരക്കണക്കിനാണ്. കൂടാതെ ഹൈദരാബാദ് നഗരത്തിൽ ഉൾപ്പെടെ ബസ്സിനെ ആശ്രയിച്ചു യാത്ര ചെയ്യുന്നവർ ലക്ഷക്കണക്കിനും. ഈ യാത്രികരെല്ലാം ദുരിതത്തിലായി.

ടി.എസ്.ആർ.ടി.സി. അധികൃതർ താത്‌കാലിക ജീവനക്കാരെയും പുറത്തുനിന്നുള്ള ഡ്രൈവർമാരെയും ഉപയോഗിച്ച് സർവീസുകൾ നടത്താൻ ശ്രമിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഇത് സംഘർഷത്തിനും ഇടയാക്കി. ഡൽഹിയിലുള്ള മുഖ്യമന്ത്രി ഞായറാഴ്ച മടങ്ങിവന്നശേഷം സമരക്കാരുമായി ചർച്ച നടത്തും.

Content Highlights: Telangana bus strike