ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ വളർത്തുനായയുടെ മരണത്തിനിടയാക്കിയ ചികിത്സപ്പിഴവിന് വെറ്ററിനറി ഡോക്ടറുടെപേരിൽ കേസ്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമമനുസരിച്ചാണ് ബഞ്ചാരാ ഹിൽസിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന രൺജീത് എന്ന ഡോക്ടറുടെപേരിൽ ഹൈദരാബാദ് പോലീസ് കേസെടുത്തത്.

‘ഹസ്കി’ എന്ന നായയെ സെപ്റ്റംബർ പത്തിനാണ് ഭക്ഷണം കഴിക്കാത്തതിനെത്തുടർന്ന് മൃഗാശുപത്രിയിലെത്തിച്ചത്. കടുത്ത പനിയുണ്ടായിരുന്ന നായക്ക് ഡോക്ടർ കുത്തിവെപ്പ് നൽകി. പിറ്റേദിവസം നായ ചത്തു. ഇത് ഡോക്ടറുടെ പിഴവാണെന്നാണ് മുഖ്യമന്ത്രിയുടെ വസതിയിൽ വളർത്തുനായ്ക്കളെ പരിപാലിക്കുന്ന ആസിഫ് അലിഖാൻ നല്കിയ പരാതിയിലെ ആരോപണം. ഒൻപത് നായ്ക്കളാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ പ്രഗതി ഭവനിലുള്ളത്.