പട്‌ന: വിവാഹമോചനത്തെ വീട്ടുകാർ അനുകൂലിക്കാത്തതിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി. അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാർ മുൻമന്ത്രിയുമായ തേജ് പ്രതാപ് യാദവ് വീടുവിട്ട് വാരാണസിയിൽ. പരമഭക്തനായ തേജ് പ്രതാപ് മനഃശാന്തി തേടിയാണ് ക്ഷേത്രദർശനത്തിന്‌ പോയതെന്നാണ് ബന്ധുക്കളുടെ നിഗമനം.

വിവാഹമോചനത്തിന് അനുമതിതേടി റാഞ്ചി ജയിലിൽ കിടക്കുന്ന അച്ഛൻ ലാലുപ്രസാദ് യാദവിനെ കണ്ടശേഷം മകൻ തിരികെ വീട്ടിൽ വന്നില്ലെന്ന് തേജിന്റെ അമ്മയും മുൻ മുഖ്യമന്ത്രിയുമായ റാബ്രിദേവി പറഞ്ഞു. എന്നാൽ, തേജിനെ കാണാനില്ലെന്ന പ്രചാരണം തള്ളിയ റാബ്രി, കുടുംബത്തിലെ മറ്റുചിലരുമായി മകൻ ബന്ധപ്പെടുന്നുണ്ടെന്ന്‌ പറഞ്ഞു.

വിവാഹത്തിന്‌ ഏതാനും മാസങ്ങൾക്കുശേഷം തേജ് വൃന്ദാവനത്തിൽ ചെന്ന്, തലയിൽ മയിൽപ്പീലി ചൂടി ഓടക്കുഴൽ വായിച്ച് പശുക്കൂട്ടത്തോടൊപ്പം സമയം ചെലവഴിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ആറുമാസംമുമ്പാണ് തേജും മുതിർന്ന ആർ.ജെ.ഡി. നേതാവ് ചന്ദ്രികറായുടെ മകൾ ഐശ്വര്യറായിയും തമ്മിലുള്ള വിവാഹം ആഘോഷപൂർവം നടന്നത്. എന്നാൽ, ഏതാനും ആഴ്ചകൾക്കുമുമ്പ് ഇരുവരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടാകുകയും വിവാഹ മോചനം ആവശ്യപ്പെട്ട് തേജ് പട്‌ന ഹൈക്കോടതിയെ സമീപിക്കുകയുംചെയ്തു. ചില പൊരുത്തക്കേടുകൾ ഉള്ളതുകൊണ്ട് ദാമ്പത്യം തുടരാനാകില്ലെന്നാണ് തേജ് കോടതിയെ അറിയിച്ചത്.