ബെംഗളൂരു: രാജ്യത്ത് കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് അനുയോജ്യമായ സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനത്തെന്ന് പഠനം. മിസോറമിനാണ് രണ്ടാം സ്ഥാനം.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോജക്ട് നൻഹി കലി, നാന്ദി ഫൗണ്ടേഷൻ, മഹീന്ദ്ര ആൻഡ്‌ മഹീന്ദ്ര എന്നിവ സംയുക്തമായാണ് സർവേ നടത്തിയത്. നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മുംബൈയും രണ്ടാം സ്ഥാനത്ത് കൊൽക്കത്തയും മൂന്നാം സ്ഥാനത്ത് ബെംഗളൂരുവുമാണ്. ആയിരത്തോളംപേർ ചേർന്ന് രാജ്യത്തെ 30 സംസ്ഥാനങ്ങളിലെ 600 ജില്ലകളിലായി 74,000 കൗമാരക്കാരികൾക്കിടയിലാണ് സർവേ നടത്തിയത്. 81 ശതമാനം പേരും പഠിക്കുന്നവരാണെന്നും ഇതിൽ കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കൗമാരക്കാരികളിൽ 100 ശതമാനം പേരും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി.

നഗരപ്രദേശങ്ങളിലെ 87 ശതമാനം കൗമാരക്കാരികളും പഠിക്കുന്നവരാണ്. ഗ്രാമപ്രദേശങ്ങളിലെ 78 ശതമാനം മാത്രമാണ് പഠിക്കുന്നത്. 96 ശതമാനം കൗമാരക്കാരികളുടെയും വിവാഹം കഴിഞ്ഞിട്ടില്ലെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. 40 ശതമാനം പേർ തുറസ്സായ സ്ഥലത്ത് പ്രാഥമിക കൃത്യങ്ങൾ നടത്തുന്നതായും സർവേയിൽ പറയുന്നു.