കേരളത്തില്‍ പൂര്‍ണതൃപ്തര്‍ 52 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളധ്യാപകരില്‍ പകുതിപ്പേരും ജോലിയില്‍ അസംതൃപ്തര്‍. 43 ശതമാനം അധ്യാപകര്‍ക്കും തങ്ങള്‍ പിന്തുടരുന്ന പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്താണെന്ന് അറിയില്ല. കേരളത്തില്‍ 52 ശതമാനം അധ്യാപകര്‍ മാത്രമാണ് പൂര്‍ണതൃപ്തര്‍. പാഠ്യപദ്ധതിയുടെ ലക്ഷ്യമറിയാത്ത അധ്യാപകരും കേരളത്തിലുണ്ട്; 23 ശതമാനം പേര്‍.

എന്‍.സി.ഇ.ആര്‍.ടി. നടത്തിയ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്തെ 701 ജില്ലകളിലെ 1,10,000 സ്‌കൂളുകളില്‍നിന്നായി മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ 2,70,061 അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തിയ ഏറ്റവും വലിയ സര്‍വേയാണിത്. 50.97 ശതമാനം അധ്യാപകര്‍ ജോലിയില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. 56.62 ശതമാനം അധ്യാപകര്‍ക്ക് പാഠ്യപദ്ധതിയുടെ ലക്ഷ്യമറിയാം.

കാരണങ്ങള്‍

ഔദ്യോഗികരംഗത്തെ വളര്‍ച്ച, ഉന്നതപഠനത്തിനും ഗവേഷണത്തിനുമുള്ള അവസരമില്ലായ്മ, ജോലിയിലെ അസ്ഥിരത, കരാര്‍, താത്കാലിക നിയമനം, പഠിച്ച വിഷയത്തിനു പുറത്തുള്ള അധ്യയനം, ജോലിഭാരം, ഭൗതികസാഹചര്യങ്ങള്‍ തുടങ്ങിയവയാണ് അധ്യാപകരുടെ അസംതൃപ്തിക്കു കാരണം.

കേരളത്തില്‍ പാഠ്യപദ്ധതിയുടെ ലക്ഷ്യം അറിയാവുന്നത് 77 ശതമാനം അധ്യാപകര്‍ക്ക്

കേരളത്തില്‍ 2,326 സ്‌കൂളുകളില്‍നിന്നായി 7,209 അധ്യാപകര്‍ സര്‍വേയില്‍ പങ്കെടുത്തു. മൂന്നാംതരം (2,008), അഞ്ചാംതരം (2,441), എട്ടാംതരം (2,760) എന്നീ ക്ലാസുകളില്‍നിന്നുള്ള അധ്യാപകരാണ് പങ്കെടുത്തത്. 52 ശതമാനം അധ്യാപകര്‍ ജോലിയില്‍ പൂര്‍ണതൃപ്തരാണെന്നു പറഞ്ഞു. പാഠ്യപദ്ധതിയുടെ ലക്ഷ്യം പൂര്‍ണമായി അറിയാവുന്നത് 77 ശതമാനം പേര്‍ക്കും.

മൂന്ന്, അഞ്ച് ക്ലാസുകളില്‍ 38 ശതമാനം അധ്യാപകരും അവര്‍ ബിരുദംനേടിയ വിഷയത്തിലല്ല പഠിപ്പിക്കുന്നത്. എട്ടാം ക്ലാസില്‍ അഞ്ചുശതമാനം അധ്യാപകര്‍ തങ്ങള്‍ ബിരുദത്തിനു പഠിച്ച വിഷയമല്ല പഠിപ്പിക്കുന്നത്.

കേരളത്തില്‍ അധ്യാപകരുടെ ജോലിഭാരം അമിതമാണെന്ന് പത്തുശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ കെട്ടിടങ്ങള്‍ നന്നാക്കണമെന്ന് 19 ശതമാനവും ശൗചാലയങ്ങളില്ലെന്ന് 10 ശതമാനവും അഭിപ്രായപ്പെട്ടു. വൈദ്യുതിയില്ലെന്ന് അഞ്ചുശതമാനവും കുടിവെള്ളമില്ലെന്ന് ഏഴുശതമാനം അധ്യാപകരും പറഞ്ഞു.

ഏറെ പരിതാപകരം ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയത് അഞ്ചുശതമാനം മാത്രം. പാഠ്യപദ്ധതിയുടെ ലക്ഷ്യം എന്താണെന്ന് അറിയാവുന്നത് കേവലം മൂന്നുശതമാനം പേര്‍ക്കും. സംസ്ഥാനത്തുനിന്ന് 25,178 അധ്യാപകരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ 1259 അധ്യാപകര്‍മാത്രമാണ് തങ്ങള്‍ പൂര്‍ണ തൃപ്തരാണെന്നു പറഞ്ഞത്. മൂന്നാം ക്ലാസ് (8,339), അഞ്ചാം ക്ലാസ് (8,067), എട്ടാം ക്ലാസ് (8,772) അധ്യാപകരാണ് പങ്കെടുത്തത്.

മുന്നില്‍ കര്‍ണാടകയും ഗുജറാത്തും

സംതൃപ്തരായ അധ്യാപകര്‍ കൂടുതലുള്ളത് കര്‍ണാടകത്തിലാണ്; 79 ശതമാനം. 77 ശതമാനവുമായി ഗുജറാത്താണ് രണ്ടാംസ്ഥാനത്ത്. എന്നാല്‍, പാഠ്യപദ്ധതിയുടെ ലക്ഷ്യം പൂര്‍ണമായി അറിയാവുന്ന അധ്യാപകര്‍ കൂടുതലുള്ളത് ഗുജറാത്തിലാണ്; 84 ശതമാനം. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകത്തിലെ 83 ശതമാനം അധ്യാപകര്‍ക്ക് ലക്ഷ്യം പൂര്‍ണമായി അറിയാം. കര്‍ണാടകത്തില്‍നിന്ന് 16,332 അധ്യാപകരും ഗുജറാത്തില്‍നിന്ന് 10,312 അധ്യാപകരും സര്‍വേയില്‍ പങ്കെടുത്തു.