മുംബൈ: അഞ്ചുവര്‍ഷത്തിനകം കന്പനിയുടെ 75 ശതമാനം ജോലിയും വീടുകളില്‍നിന്നാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കന്പനിയായ ടി.സി.എസ്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യത്തെ 80 ശതമാനം ഐ.ടി. ജീവനക്കാരും ഇപ്പോള്‍ വീടുകളില്‍നിന്നാണ് ജോലിചെയ്യുന്നത്. കന്പനികളുടെ ഉത്പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍പ്പേരെ തുടര്‍ന്നും വീടുകളില്‍നിന്ന് ജോലിചെയ്യിപ്പിക്കുന്നത് കന്പനികള്‍ പരിഗണിക്കുന്നത്.

കോവിഡ്-19 സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ റിമോട്ട് വര്‍ക്കിങ് മോഡല്‍ സ്ഥിരമായി നടപ്പാക്കി ജീവനക്കാര്‍ ഓഫീസില്‍ ചെലവഴിക്കുന്ന സമയം പരമാവധി കുറച്ചുകൊണ്ടുവരാനാണ് ടി.സി.എസ്. പദ്ധതിയിട്ടിരിക്കുന്നതെന്ന് ടി.സി.എസ്. സി.ഇ.ഒ. രാജേഷ് ഗോപിനാഥന്‍ സൂചന നല്‍കി. പ്രമുഖ ഐ.ടി. കന്പനിയായ വിപ്രോയും ജീവനക്കാരെ വീടുകളില്‍നിന്ന് ജോലിചെയ്യിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Content Highlights: TCS work fom home