ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം 47,541 കോടി രൂപയിൽനിന്ന് 95,082 കോടി രൂപയായി ഉയർത്തിയതായി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. അടിസ്ഥാന വികസനത്തിനുള്ള മൂലധനച്ചെലവിന്റെ ഒരു ഗഡു മുൻകൂറായി നൽകുന്നതുൾപ്പടെയാണിത്. കോവിഡനന്തര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായും സംസ്ഥാന ധനമന്ത്രിമാരുമായും തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഈ മാസം 22-ന് നികുതി വിഹിതമായ 95,082 കോടി രൂപ വിതരണം ചെയ്യാൻ ധനകാര്യ സെക്രട്ടറിക്ക് നിർദേശം നൽകിയതായി ധനമന്ത്രി അറിയിച്ചു. കോവിഡ് കാലത്തിനുമുമ്പുള്ള തലത്തിലേക്ക് ഒട്ടേറെ സാമ്പത്തിക സൂചകങ്ങൾ മാറിയിട്ടുണ്ടെങ്കിലും നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനുള്ള ചർച്ചകൾക്കടക്കമായിരുന്നു യോഗം.

കോവിഡിന് പിന്നാലെ വളർച്ചനിരക്ക് കുറഞ്ഞിരുന്നു. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ സാമ്പത്തികരംഗം പച്ചപിടിക്കുന്നതിന്റെ സൂചനകളാണുള്ളത്. വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥ എന്ന നിലയിൽ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച ഐ.എം.എഫും ലോകബാങ്കും യഥാക്രമം 9.5 ശതമാനം, 8.3 ശതമാനം എന്നിങ്ങനെയാണ് ഉയർത്തിക്കാട്ടുന്നത്. ഈ സാധ്യത കൂടുതൽ ഉപയോഗിക്കാനുള്ള ചർച്ചകളാണ് നടക്കുകയെന്ന് ധനകാര്യ സെക്രട്ടറി കൂടിക്കാഴ്ചയ്ക്കുമുമ്പ് വ്യക്തമാക്കിയിരുന്നു.