ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും നികുതിവിവരങ്ങൾ പുനഃപരിശോധിക്കാൻ ആദായനികുതി വകുപ്പിന് സുപ്രീംകോടതി അനുമതി. പരിശോധനയുടെ ഉത്തരവ് കേസിൽ അടുത്ത വാദം കേൾക്കുന്നതുവരെ ഫലത്തിൽ വരില്ലെന്നും കോടതി വ്യക്തമാക്കി. ഡിസംബർ 31-നകം നികുതിപരിശോധന പൂർത്തിയാക്കണം. ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് കേസ് ജനുവരി എട്ടിന് വീണ്ടും കേൾക്കും.

2011-’12-ലെ ആദായനികുതി വിവരങ്ങൾ പുനഃപരിശോധിക്കുന്നതിനെതിരേ രാഹുലും സോണിയയും നൽകിയ ഹർജി സെപ്റ്റംബർ പത്തിന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് അവർ സുപ്രീംകോടതിയെ സമീപിച്ചത്.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേർണലിന്റെ ഏതാണ്ട് മുഴുവൻ ഓഹരികളും ‘യങ് ഇന്ത്യൻ’ വാങ്ങിയിരുന്നു. ഇതിലെ സോണിയയുടെയും രാഹുലിന്റെയും ഓഹരികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പരിശോധിക്കുന്നത്. ‘യങ് ഇന്ത്യ’യുടെ ഓഹരികളുമായി ബന്ധപ്പെട്ട് സോണിയാഗാന്ധി 1.9 ലക്ഷം രൂപ മാത്രമാണ് നികുതിയടച്ചതെന്ന് ആദായനികുതി വകുപ്പ് വ്യക്തമായിരുന്നു. എന്നാൽ, അസോസിയേറ്റഡ് ജേണൽസിന്റെ 90 കോടിയുടെ കടവും യങ് ഇന്ത്യൻ ഏറ്റെടുത്തിരുന്നുവെന്നും അതിൽ നിന്ന് വരുമാനമൊന്നും ലഭിക്കില്ലെന്നുമാണ് സോണിയയുടെ വാദം. യങ് ഇന്ത്യനിലെ ഡയറക്ടറായിരുന്നകാര്യം രാഹുൽ മറച്ചുവെച്ചുവെന്നും നികുതി വകുപ്പ് ആരോപിച്ചു. യങ് ഇന്ത്യന്റെ ഓഹരി കൂടി കണക്കിലെടുക്കുമ്പോൾ രാഹുലിന്റെ വരുമാനം നേരത്തേ കണക്കാക്കിയതുപോലെ 68 ലക്ഷമല്ല, മറിച്ച് 154 കോടിയാണെന്നാണ് നികുതി വകുപ്പ് പറയുന്നത്.

2010-ൽ 50 ലക്ഷം രൂപ മൂലധനത്തിൽ ആരംഭിച്ച സ്ഥാപനമാണ് യങ് ഇന്ത്യൻ. ഇതിലേക്ക് ഓഹരികൾ മാറ്റുക വഴി അസോസിയേറ്റഡ് ജേർണലിന്റെ ആസ്തികൾ രാഹുലും സോണിയയും വകമാറ്റിയെന്നാണ് ആരോപണം. അമ്പതുലക്ഷം നൽകി യങ് ഇന്ത്യന്റെ 90.25 കോടി രൂപ വകമാറ്റാൻ രാഹുലും സോണിയയും മറ്റും ഗൂഢാലോചന നടത്തിയെന്നുകാട്ടി ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ ക്രിമിനൽ കേസും വിചാരണക്കോടതിക്ക് മുമ്പാകെയുണ്ട്. പ്രതികളായ മോത്തിലാൽ വോഹ്‌റ, ഓസ്കർ ഫെർണാണ്ടസ്, സുമുൻ ദുബെ, സാം പിത്രോഡ തുടങ്ങിയവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു.