മുംബൈ: ഒരു രൂപ പോലും മുടക്കാതെ എയര്‍ടെല്ലിന് നാലു കോടിയിലേറെ പുതിയ വരിക്കാരെ കിട്ടും. ടാറ്റയ്ക്കാവട്ടെ ടെലിസര്‍വീസസ് കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് ഒഴിവാകുകയും ചെയ്യും. വെള്ളിയാഴ്ചത്തെ ഭാരതി എയര്‍ടെല്‍- ടാറ്റാ ടെലിസര്‍വീസസ് ഇടപാട് ഇരുവര്‍ക്കും നേട്ടമാകുന്നത് ഇങ്ങനെയാണ്. നിലവില്‍ 30,000 കോടി രൂപയിലേറെ കടബാധ്യതയുള്ള ടാറ്റാ ടെലിസര്‍വീസസിനെയാണ് എയര്‍ടെല്ലിന് കൈമാറുന്നത്.
 
കടബാധ്യത ഏറ്റെടുക്കാതെ വരിക്കാരെയും മൊബൈല്‍ സ്‌പെക്ട്രത്തെയുമാണ് എയര്‍ടെല്‍ സ്വന്തമാക്കുക. രാജ്യത്തെ 19 ടെലികോം മേഖലകളിലായുള്ള 4.2 കോടി പുതിയ വരിക്കാരെക്കൂടി കിട്ടുന്നതോടെ എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം 32 കോടി കവിയും. വരുമാനത്തില്‍ 4-5 ശതമാനം വര്‍ധനയുണ്ടാവും. ടെലികോം രംഗത്തെ കടുത്തമത്സരം കാരണം അഞ്ചുശതമാനത്തോളം വരുമാനനഷ്ടം വന്നിരുന്ന എയര്‍ടെല്ലിന് ഇതുവഴി അതു നികത്താനാവും.

ഇതിനു പുറമേ മൂന്ന് ബാന്‍ഡുകളിലായി 178.5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രവും എയര്‍ടെല്ലിന് കൂടുതലായി ലഭിക്കും. മൊബൈല്‍ സേവനം നല്‍കുന്നതിനുവേണ്ടിയുള്ള വ്യത്യസ്ത ആവൃത്തികളിലുള്ള റേഡിയോ തരംഗങ്ങളെയാണ് സ്‌പെക്ട്രം എന്നു വിളിക്കുന്നത്. സ്‌പെക്ട്രം ഫീസ് ഇനത്തില്‍ സര്‍ക്കാരിന് ടാറ്റ നല്‍കാനുള്ള 10,000 കോടി രൂപയുടെ 20 ശതമാനം മാത്രമാണ് ഈ ഇടപാടില്‍ എയര്‍ടെല്ലിനുള്ള ബാധ്യത. ബാക്കിയെല്ലാം ടാറ്റതന്നെ വീട്ടും. നേരത്തേ ടെലിനോറിന്റെ മൊബൈല്‍ സര്‍വീസും വില നല്‍കാതെയാണ് എയര്‍ടെല്‍ സ്വന്തമാക്കിയത്. അന്നു പക്ഷേ, അവരുടെ സ്‌പെക്ട്രം ഫീസിന്റെ കുടിശ്ശിക എയര്‍ടെല്ലിന് അടയ്‌ക്കേണ്ടിവന്നു.

നിലവിലുള്ള കടബാധ്യതകള്‍ തീര്‍ക്കേണ്ടിവരുമെങ്കിലും നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകൂത്തിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനം ഒഴിവായിക്കിട്ടുമെന്നതാണ് ടാറ്റയുടെ ആശ്വാസം. ടെലികോം രംഗത്ത് ടാറ്റയുടെ മുഖമായിരുന്ന ടാറ്റാ ടെലിസര്‍വീസ് 21 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷമാണ് പൂട്ടാനൊരുങ്ങുന്നത്. ലാന്‍ഡ് ലൈന്‍ സേവനം നല്‍കി 1996-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ടാറ്റാ ടെലിസര്‍വീസസ് കമ്പനി ജപ്പാനിലെ എന്‍.ഐ.ടി. ഡോക്കോമോയുമായി ചേര്‍ന്നാണ് മൊബൈല്‍രംഗത്ത് സജീവമായത്.
 
ഇതുമായി ബന്ധപ്പെട്ട തര്‍ക്കവും ഡോക്കോമയുടെ പിന്‍മാറ്റവുമാണ് സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടിയത്. ഇങ്ങനെയൊരു ഇടപാടില്ലാതെ കമ്പനി പൂട്ടേണ്ടിവന്നിരുന്നെങ്കില്‍ പല നടപടിക്രമങ്ങളും പാലിക്കാന്‍ 8,000 കോടി രൂപയെങ്കിലും ടാറ്റയ്ക്ക് അധികം ചെലവിടേണ്ടിവരുമായിരുന്നൂ എന്നാണ് കണക്കാക്കുന്നത്. സൗജന്യമായി കമ്പനി വിറ്റതോടെ ഈ പണമെങ്കിലും ലാഭിക്കാന്‍ ടാറ്റയ്ക്കു കഴിഞ്ഞു.

വരിക്കാരെ മൊത്തത്തില്‍ എയര്‍ടെല്‍ ഏറ്റെടുക്കുന്നതോടെ ഡോക്കോമോ ഉപഭോക്താക്കള്‍ക്ക് സേവനം മുടങ്ങാതെ ലഭ്യമാകും. ജീവനക്കാരെ ടാറ്റയുടെ മറ്റു സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കും. കുറേപ്പേര്‍ക്ക് സ്വയം വിരമിക്കേണ്ടിവരികയുംചെയ്യും. ട്രായിയുടെയും കോടതികളുടെയും അനുമതി നേടി ലയനം പൂര്‍ത്തിയാകണമെങ്കില്‍ 12 മാസമെങ്കിലും വേണ്ടിവരും.