ന്യൂഡൽഹി: ബോംബെ ഡയിങ് ചെയർമാൻ നുസ്‌ലി വാഡിയയും ടാറ്റ സൺസ് എമിരിറ്റസ് ചെയർമാൻ രത്തൻ ടാറ്റയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.

ടാറ്റയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട തനിക്കെതിരേ രത്തൻ ടാറ്റയും ടാറ്റ സൺസിലെ മറ്റു ഡയറക്ടർമാരും അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് 2016-ലാണ് വാഡിയ മാനനഷ്ടക്കേസ് നൽകിയത്.

“നിങ്ങളിരുവരും പക്വതയുള്ളവരാണ്. വ്യവസായമേഖലയിലെ നേതാക്കളാണ്. എന്തുകൊണ്ട് നിങ്ങൾക്കൊന്നിച്ചിരുന്ന് അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്തു പരിഹരിച്ചുകൂടാ? ഇത്തരമൊരു നിയമയുദ്ധത്തിന്റെ ആവശ്യമുണ്ടോ?” ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദിച്ചു. ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് കേസ് പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നത്. വാഡിയയുടെ തീരുമാനമറിയിക്കാൻ ഈ മാസം 13 വരെ സമയം നൽകിയിട്ടുണ്ട്.

പരാമർശങ്ങളിൽ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം പരിഗണിച്ച സുപ്രീംകോടതി കേസിന് സാധുതയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ടാറ്റാ ഗ്രൂപ്പിനെതിരേ വാഡിയയ്ക്കു പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തിപരമായി നടത്തിയ പരാമർശങ്ങളിലാണ് അതൃപ്തിയുള്ളതെന്നും ഇവ പിൻവലിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ നീരജ് കിഷൻ കൗൾ പറഞ്ഞു.

Content Highlights: TATA Supreme court