മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തും ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടർ പദവികളിലും സൈറസ് മിസ്ത്രിയെ പുനർനിയമിച്ചുള്ള ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ടാറ്റ സൺസ് സുപ്രീംകോടതിയിൽ ഹർജി നൽകി.

ശീതകാലാവധിക്കുശേഷം ജനുവരി ആറിന് കേസ് പരിഗണിച്ചേക്കും. ജനുവരി ഒമ്പതിന് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടി.സി.എസിന്റെ ഡയറക്ടർബോർഡ് യോഗം ചേരുന്നുണ്ട്. ഇതിനുമുമ്പായി കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് ടാറ്റ ആവശ്യപ്പെട്ടിരിക്കുന്നത്.

കോർപ്പറേറ്റ് ജനാധിപത്യത്തിന്റെയും ഡയറക്ടർ ബോർഡിന്റെയും അധികാരങ്ങളിലുള്ള വെല്ലുവിളിയാണ് ട്രിബ്യൂണൽ ഉത്തരവെന്ന് ഹർജിയിൽ പറയുന്നു. അപ്പലറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് തെറ്റാണ്. അത്തരത്തിലുള്ള ഉത്തരവ് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ടാറ്റ സൺസിലെതന്നെ പല കമ്പനികളും ലിസ്റ്റ് ചെയ്തവയാണെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.

ടാറ്റ സൺസിന്റെ രഹസ്യാത്മകമായ മിനിറ്റ്‌സ് രേഖകൾ മിസ്ത്രി ചെയർമാനായിരിക്കെ പുറത്തു ലഭ്യമായതും പുറത്താക്കിയ ഉടൻ അദ്ദേഹം ടാറ്റ സൺസിനു നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതും ഗുരുതരവീഴ്ചയാണെന്നും ഹർജിയിൽ പറയുന്നു.

2016 ഒക്ടോബർ 24- നാണ് സൈറസ് മിസ്ത്രിയെ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയത്. മിസ്ത്രിയെ അദ്ദേഹത്തിന്റെ അവശേഷിക്കുന്ന കാലയളവിൽ ചെയർമാനായി പുനർനിയമിക്കണമെന്നാണ് എൻ.സി.എൽ.എ.ടി. ഉത്തരവ്.

ഈ കാലാവധി 2017 മാർച്ചിൽ അവസാനിച്ചതാണെന്നും ടാറ്റ പറയുന്നു. അതു പരിഗണിക്കാതെയാണ് ഉത്തരവ്. എൻ.സി.എൽ.എ.ടി. യിൽ മിസ്ത്രി നൽകിയ പരാതിയിൽ പുനർനിയമനം ആവശ്യപ്പെട്ടിരുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനിടെ, വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് എൻ.സി.എൽ.എ.ടി. യിലും പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്.

Content Highlights: TATA Supreme Court