Cyrus Mistryമുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന നിയമയുദ്ധമൊഴിവാക്കാന്‍ ഹര്‍ജിയുമായി ടാറ്റാ ഗ്രൂപ്പ്.

സുപ്രീം കോടതി, മുംബൈ ഹൈക്കോടതി, ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ എന്നിവിടങ്ങളിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. പുറത്താക്കലിനെതിരെ തങ്ങളുടെ ഭാഗം കേള്‍ക്കാതെ കോടതിയില്‍നിന്ന് ഇടക്കാല സ്റ്റേ നടപടി ഉണ്ടായേക്കാമെന്ന സംശയത്തിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ഈ നീക്കം. അതേസമയം നടപടിക്കെതിരെ താന്‍ കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ സൈറസ് മിസ്ത്രി തള്ളി. ഈ ഘട്ടത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. തിങ്കളാഴ്ചയാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കിയത്.

തന്നെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കംചെയ്തത് നിയമവിരുദ്ധമായാണെന്ന് മിസ്ത്രി ടാറ്റാ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. തന്റെ ഭാഗം പറയാന്‍ കമ്പനി നിയമാവലിയിലുള്ള 15 ദിവസത്തെ സമയം പോലും തനിക്കനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്‍പതുപേരടങ്ങുന്ന ബോര്‍ഡിലെ ആറുപേരും പുറത്താക്കലിനെ അനുകൂലിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. രണ്ടുപേര്‍ വിട്ടുനിന്നു.

മിസ്ത്രിയെ പുറത്താക്കിയ നടപടി രാജ്യത്തെ വ്യവസായരംഗത്തും ഓഹരിവിപണിയിലും വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്. ടാറ്റാ ഓഹരികള്‍ പലതും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ രത്തന്‍ ടാറ്റയായിരിക്കും ടാറ്റാ ഗ്രൂപ്പിന്റെ ഇടക്കാലമേധാവി. ചൊവ്വാഴ്ച ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാനത്തെത്തിയ രത്തന്‍ ടാറ്റ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് ചര്‍ച്ചനടത്തി. കമ്പനിയുടെ തലപ്പത്തുള്ള മാറ്റത്തെക്കുറിച്ച് വേവലാതിപ്പെടാതെ തങ്ങളുടെ പ്രവൃത്തികളില്‍ ശ്രദ്ധിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശം.