മുംബൈ: ടാറ്റ സൺസിലെ ഓഹരി വിറ്റൊഴിയാൻ ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പ് (എസ്.പി. ഗ്രൂപ്പ്). ‌‌ടാറ്റ സൺസിൽ എസ്.പി. ഗ്രൂപ്പിനുള്ള ഓഹരികൾ വാങ്ങാൻ തയ്യാറെന്ന് ടാറ്റ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെയാണ് ഇത്. എസ്.പി. ഗ്രൂപ്പിന് ഫണ്ട് കണ്ടെത്താൻ ടാറ്റ സൺസിലെ ഓഹരികൾ പണയപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്.

പല്ലോൻജി മിസ്ത്രിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള എസ്.പി. ഗ്രൂപ്പിന് ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരികളാണുള്ളത്. ഇതിന് 1.75 ലക്ഷം കോടി രൂപയെങ്കിലും മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇടപാട് നടന്നാൽ, ടാറ്റ സൺസിന്റെ ഉടമകളുടെ കടബാധ്യത കൂടും.

എസ്.പി. ഗ്രൂപ്പ് ഓഹരി വിൽക്കുന്നത് പ്രതിസന്ധിയിൽനിന്ന് കരകയറാൻ

എസ്.പി. ഗ്രൂപ്പിന്റെ കമ്പനികൾ മൂലധന പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെ കൈവശമുള്ള ടാറ്റ സൺസ് ഓഹരികളിൽ ഒരു ഭാഗം പണയപ്പെടുത്തി അടിയന്തര ധന സമാഹരണം നടത്താനായിരുന്നു എസ്.പി. ഗ്രൂപ്പിന്റെ ശ്രമം. ഇതിനായി കനേഡിയൻ നിക്ഷേപക കമ്പനിയായ ബ്രൂക്ക്ഫീൽഡുമായി എസ്.പി. ഗ്രൂപ്പ് ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. ടാറ്റ സൺസിലെ ഓഹരികൾ വിൽക്കുകയാണെങ്കിൽ വിപണി വിലയ്ക്ക് വാങ്ങുന്നതിന് ടാറ്റ ഗ്രൂപ്പിന് ആദ്യ അവസരം വേണമെന്ന് ആർട്ടിക്കിൾ ഓഫ് അസോസിയേഷനിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് ഓഹരികൾ പണയപ്പെടുത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് ടാറ്റ സൺസ് സുപ്രീംകോടതിയെ സമീപിച്ചത്.

ഓഹരികൾ പണയപ്പെടുത്തുന്നതിലൂടെ ടാറ്റ സൺസിന്റെ നയങ്ങൾക്കു ചേരാത്ത കമ്പനികളുടെ കൈവശം ഗ്രൂപ്പിന്റെ ഓഹരികൾ എത്തിപ്പെടുന്നതു തടയുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ സന്നദ്ധത അറിയിച്ചത്. ഒക്ടോബർ 28-ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

കാലാവധി തീരുന്ന കടപ്പത്രത്തിന്റെ പണം നൽകുന്നതിനടക്കം എസ്.പി. ഗ്രൂപ്പിന് വലിയ തോതിൽ പണം കണ്ടെത്തേണ്ടതുണ്ട്. ഇതാണ് ടാറ്റ സൺസ് ഓഹരികൾ പണയപ്പെടുത്തുന്നതിലേക്ക് ഗ്രൂപ്പിനെ നയിച്ചിരിക്കുന്നത്. അതേസമയം, വ്യവസ്ഥകൾ പ്രകാരം ഓഹരികൾ വിൽക്കുന്നതിനാണ് തടസ്സമുള്ളതെന്നും പണയപ്പെടുത്തുന്നതിൽ പ്രശ്നമില്ലെന്നുമാണ് എസ്.പി. ഗ്രൂപ്പിന്റെ വാദം.

Content Highlights: Tata group SP group