*എതിര്‍പ്പുയര്‍ത്തി മിസ്ത്രി കുടുംബം
മുംബൈ: കമ്പനിയുടെ ഘടനയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നതിനായി ടാറ്റാ സണ്‍സ് ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച ചേരും. പബ്ലിക് ലിമിറ്റഡ് കമ്പനിയായ ടാറ്റയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനാണ് രത്തന്‍ ടാറ്റാ വിഭാഗത്തിന്റെ തീരുമാനം. മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയും കുടുംബവും ശക്തമായ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ പൊതുയോഗത്തിന്റെ തീരുമാനം നിര്‍ണായകമാവും.

ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് ഒരു വര്‍ഷംമുമ്പ് മിസ്ത്രിയെ നീക്കിയതിന്റെ തുടര്‍ച്ചയാണ് കമ്പനിയുടെ ഘടനാമാറ്റം. വ്യവസായ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ടാറ്റാ സണ്‍സിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കുന്നതെന്ന് ഇതിന് അനുമതിതേടിക്കൊണ്ട് ഓഹരിയുടമകള്‍ക്കയച്ച കത്തില്‍ ടാറ്റാ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് പറയുന്നു. നീക്കം ദുരുദ്ദേശ്യപരമാണെന്നും ഇതിനെ അനുകൂലിക്കരുതെന്നും ആവശ്യപ്പെട്ട് മിസ്ത്രി കുടുംബവും ഓഹരിയുടമകള്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.

ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുന്നതോടെ ടാറ്റയിലെ ഓഹരിയുടമകളുടെ അവകാശങ്ങള്‍ കുറയുകയും ഭരണസമിതിയുടെ അധികാരം വര്‍ധിക്കുകയും ചെയ്യും. ഓഹരിയുടമകളുടെ അനുമതികൂടാതെ ഡയറക്ടര്‍ ബോര്‍ഡിന് സുപ്രധാന തീരുമാനങ്ങളെടുക്കാനാകും. കമ്പനിയുടെ ആസ്തികള്‍ വില്‍ക്കുന്നതിനോ മറ്റു സ്ഥാപനങ്ങളില്‍ മുതല്‍മുടക്കുന്നതിനോ വായ്പയെടുക്കുന്നതിനോ മാനേജിങ് ഡയറക്ടറെയോ ഡയറക്ടര്‍മാരെയോ നിയമിക്കുന്നതിനോ അംഗങ്ങളുടെ അനുമതി വാങ്ങേണ്ടിവരില്ല. അതേസമയം ഓഹരിയുടമകള്‍ക്ക് അവരുടെ ഇഷ്ടത്തിന് ഓഹരി കൈമാറാന്‍ പറ്റുകയുമില്ല.

മിസ്ത്രിയെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചെറുകിട ഓഹരിയുടമകളെയുമാണ് പ്രധാനമായും ഈ മാറ്റം ബാധിക്കുക. ടാറ്റാ സണ്‍സിലെ 66 ശതമാനം ഓഹരി കൈയാളുന്നത് ടാറ്റാ കുടുംബത്തിന്റെ സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റുമാണ്. മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ നിയന്ത്രണത്തിലാണ് ഇവ. ട്രസ്റ്റുകള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓഹരി ഉടമകളാണ് മിസ്ത്രി കുടുംബം. 18.4 ശതമാനം ഓഹരികള്‍ അവരുടെ കൈവശമാണ്.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് 1917 നവംബര്‍ എട്ടിന് ടാറ്റാ സണ്‍സ് നിലവില്‍വന്നത്. 1975 മേയ് ഒന്നിനാണ് അത് പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയത്. 2013-ലെ കമ്പനീസ് ആക്ട് പ്രകാരമാണ് ടാറ്റ തിരിച്ച് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാകാന്‍ ഒരുങ്ങുന്നത്. കമ്പനിയുടെ ഘടന മാറ്റുന്നതിന് പൊതുയോഗത്തില്‍ 75 ശതമാനം ഓഹരിയുടമകളുടെ അംഗീകാരം ലഭിക്കണം. ഇതിനുപുറമേ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതിയും വാങ്ങണം. ഇതോടെ കമ്പനിയുടെ പേര് ടാറ്റാ സണ്‍സ് പബ്‌ളിക് ലിമിറ്റഡ് എന്നതില്‍നിന്ന് ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിമാറും.

കൂടുതല്‍ ഓഹരികള്‍ കൈയാളുന്നവര്‍ ചെറിയ ഓഹരിയുടമകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ടാറ്റാ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിന് അയച്ച കത്തില്‍ മിസ്ത്രിയുടെ കുടുംബസ്ഥാപനമായ സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പറയുന്നു. ഈ നീക്കം തടയുന്നതിന് നിയമനടപടി സ്വീകരിക്കാനും മിസ്ത്രി കുടുംബം ആലോചിക്കുന്നുണ്ട്. ചെറുകിട ഓഹരിയുടമകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നാരോപിച്ച് മിസ്ത്രി കഴിഞ്ഞ ഡിസംബറില്‍ത്തന്നെ ടാറ്റക്കെതിരേ കേസുകൊടുത്തിട്ടുണ്ട്.
 
പബ്‌ളിക്കും പ്രൈവറ്റും


*വന്‍ മൂലധനമുള്ള ബിസിനസ് സംരംഭങ്ങള്‍ പലരില്‍നിന്ന് ഓഹരി ശേഖരിച്ചാണ് സ്ഥാപിക്കുക. ഇവ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും പബ്ലിക് ലിമിറ്റഡ് കമ്പനികളും.

* പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങാന്‍ ചുരുങ്ങിയത് രണ്ട് അംഗങ്ങള്‍ മതി. പരമാവധി അംഗങ്ങളുടെ എണ്ണം 200. ചുരുങ്ങിയത് രണ്ടു ഡയറക്ടര്‍മാര്‍ വേണം. കുറഞ്ഞ മൂലധനം ഒരു ലക്ഷം രൂപ.

* പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ കുറഞ്ഞത് ഏഴ് അംഗങ്ങളുണ്ടാവണം. ഉയര്‍ന്ന പരിധിയില്ല. ചുരുങ്ങിയത് മൂന്നു ഡയറക്ടര്‍മാര്‍ വേണം. കുറഞ്ഞ മൂലധനം അഞ്ചുലക്ഷം രൂപ.

*പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വില്‍ക്കാമെങ്കിലും ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്താം. പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വില്‍പ്പനയ്ക്ക് നിയന്ത്രണങ്ങളുണ്ടാവില്ല.

*പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഓഹരിയുടമകളുടെ അനുമതികൂടാതെ ഡയറക്ടര്‍ ബോര്‍ഡിന് സുപ്രധാന തീരുമാനങ്ങളെടുക്കാം. ആസ്തികള്‍ വില്‍ക്കാം. മറ്റു സ്ഥാപനങ്ങളില്‍ മുതല്‍മുടക്കാം. വായ്പയെടുക്കാം. പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ ഓഹരിയുടമകളുടെ അംഗീകാരമില്ലാതെ സുപ്രധാന തീരുമാനങ്ങള്‍ പറ്റില്ല.