ന്യൂഡൽഹി: ഏഴാംവട്ടമാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. ഉപമുഖ്യമന്ത്രി പദം ഭരണഘടനാ പദവിയല്ലാത്തതിനാൽ തർ കിഷോർ യാദവും രേണു ദേവിയും മന്ത്രിമാർ എന്ന നിലയിലാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ബിഹാറിൽ ആദ്യമായാണ് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുന്നത്. രേണു ദേവി ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായി.

കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന മംഗൾ പാണ്ഡെ ഇക്കുറിയും മന്ത്രിയായി. ബിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി, വിജയ് കുമാർ ചൗധരി എന്നീ ജെ.ഡി.യു. മന്ത്രിമാരും കഴിഞ്ഞമന്ത്രിസഭയിലുണ്ടായിരുന്നു. വിജയ് കുമാർ ചൗധരി മുൻ സ്പീക്കറാണ്.

ഹിന്ദുസ്ഥാൻ ആവാം മോർച്ചയുടെ പ്രതിനിധി സന്തോഷ് കുമാർ സുമൻ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ മകനാണ്. വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മന്ത്രിയായി.

ബിഹാറിൽ 36 മന്ത്രിമാർ വരെയാകാമെന്നാണ് കണക്ക്. കഴിഞ്ഞ മന്ത്രിസഭയിൽ 30 അംഗങ്ങളാണുണ്ടായിരുന്നത്.