ന്യൂഡൽഹി: സോണിയാഗാന്ധി അധ്യക്ഷയായതിൽ പ്രതിഷേധിച്ച് രണ്ടു ദശാബ്ദങ്ങൾക്കുമുന്പ്‌ കോൺഗ്രസ് വിട്ട താരിഖ് അൻവർ ശനിയാഴ്ച പാർട്ടിയിൽ തിരിച്ചെത്തി. അടുത്തിടെയാണ് അദ്ദേഹം എൻ.സി.പി.യിൽനിന്ന് രാജിവെച്ചത്.

എ.ഐ.സി.സി. ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പാർട്ടിയംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് കുടുംബത്തിലേക്ക് അൻവറിനെ സ്വാഗതംചെയ്യുന്നതായി രാഹുൽ പറഞ്ഞു.

സെപ്റ്റംബർ 28-നാണ് അൻവർ എൻ.സി.പി. അംഗത്വവും ലോക്‌സഭാംഗത്വവും രാജിവെച്ചത്. റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ക്ലീൻ ചിറ്റ് നൽകിയുള്ള എൻ.സി.പി. അധ്യക്ഷൻ ശരദ് പവാറിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു രാജി.