ചെന്നൈ: സംഭരിക്കാൻ സംവിധാനമില്ലാത്തതിനാൽ ധർമപുരി ജില്ലയിൽ കർഷകർ ടൺകണക്കിന് തക്കാളി റോഡിൽത്തള്ളി പ്രതിഷേധിച്ചു. മുൻകാലങ്ങളിൽ വിലയില്ലെന്ന് പറഞ്ഞാണ് തക്കാളി റോഡിൽ തള്ളിയിരുന്നത്. ഇത്തവണ, സംഭരിക്കാൻ സൗകര്യമില്ലെന്നും കൂടുതൽ കോൾഡ് സ്റ്റോറേജുകൾ ആരംഭിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ തക്കാളി ഉത്പാദിക്കുന്ന ജില്ലകളിലൊന്നാണ് ധർമപുരി. ജില്ലയിൽ 50,000 കർഷകരാണ് തക്കാളി കൃഷിചെയ്യുന്നത്. മികച്ച മഴ ലഭിക്കുന്ന വർഷങ്ങളിൽ ഉത്പാദനത്തിൽ വൻ വർധനയുണ്ടാകാറുണ്ട്. ധർമപുരിയിൽ തക്കാളി സൂക്ഷിക്കാൻ മൂന്ന് കോൾഡ് സ്റ്റോറേജുകൾ മാത്രമാണുള്ളത്. വിളവെടുക്കുന്ന തക്കാളിയുടെ ഒരുശതമാനം പോലും സംഭരിക്കാനുള്ള സൗകര്യം ഈ സംഭരണികളിലില്ലെന്ന് കർഷകർ പറയുന്നു. ധർമപുരിയിലെ പച്ചപ്പള്ളിയലിൽ 50 ടൺ സൂക്ഷിക്കാവുന്ന സംഭരണിയും ഹരൂർ, പെന്നാഗരം എന്നിവിടങ്ങളിൽ 30 ടൺ വീതം സൂക്ഷിക്കാവുന്ന സംഭരണികളുമാണുള്ളത്. മതിയായ കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കുകയാണെങ്കിൽ വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാനും കർഷകർക്ക് ന്യായവില ഉറപ്പാക്കാനും കഴിയുമെന്ന് കർഷകരുടെ സംഘടനകൾ പറയുന്നു.

വടക്കുകിഴക്കൻ കാലവർഷക്കാലമായ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ തക്കാളി സൂക്ഷിക്കുക പ്രയാസകരമല്ല. എന്നാൽ മറ്റ് മാസങ്ങളിൽ തക്കാളി വളരെ പെട്ടെന്ന് നശിക്കും. ഇപ്പോൾ ഒരു കിലോയ്ക്ക് 16 രൂപയ്ക്കും 20 രൂപയ്ക്കും ഇടയിലാണ് വില ലഭിക്കുന്നത്. കൃഷിചെയ്യാൻ ചെലവായ പണം പോലും തിരിച്ചുലഭിക്കുന്നില്ലെന്ന് പച്ചപ്പള്ളിയിലെ കൃഷിക്കാരനായ സെൽവകുമാർ പറഞ്ഞു. സർക്കാർ കൂടുതൽ കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

content highlights: tamilnadu tomato farmer protest