ചെന്നൈ: തമിഴ്‌നാട്ടിൽ കഴിഞ്ഞമാസം കോവിഡ് ബാധിച്ച് മരിച്ചത് 10,000-ത്തിലേറെ പേർ. മേയ് ഒന്നുമുതൽ 31 വരെ 10,186 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ഇതുവരെയുള്ള കോവിഡ് മരണത്തിൽ 42 ശതമാനവും കഴിഞ്ഞ മാസമായിരുന്നു സംഭവിച്ചത്. ഏപ്രിൽ 30 വരെയുള്ള കണക്കുപ്രകാരം 14,046 പേർ മരിച്ച സ്ഥാനത്ത് മേയ് 31 എത്തിയപ്പോഴേക്കും ആകെ മരണ സംഖ്യ 24,232 ആയി ഉയർന്നു. പ്രതിദിന കോവിഡ് മരണം 100-ൽ നിന്ന് 500-ന് അടുത്തെത്തി.

തമിഴ്‌നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും മരണസംഖ്യ ആനുപാതികമായി കുറഞ്ഞിട്ടില്ല. യഥാസമയം ആശുപത്രികളിൽനിന്ന് ചികിത്സ ലഭിക്കാത്തത് മരണനിരക്ക് വർധിക്കുന്നതിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ആശുപത്രികളിൽ പ്രവേശനം കാത്തിരിക്കുമ്പോൾ ആംബുലൻസിൽത്തന്നെ രോഗികൾ മരിച്ച സംഭവങ്ങൾ പതിവായിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെടുകയും ചെന്നൈയിൽ ഉൾപ്പെടെ പ്രതിദിന രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയുമായിരുന്നെങ്കിലും മരണത്തിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.

ചെന്നൈയിൽ പ്രതിദിന രോഗികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. പക്ഷേ, മരണസംഖ്യ 80-90 നിലയിൽ തുടരുകയാണ്. ചെന്നൈയുടെ സമീപ ജില്ലയായ ചെങ്കൽപ്പേട്ടും മരണം കൂടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള കോയമ്പത്തൂരിലും മരണസംഖ്യ ദിനവും വർധിക്കുകയാണ്.