ചെന്നൈ: കോവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ പ്ലസ്ടു പരീക്ഷ റദ്ദാക്കി. മാർക്ക് നൽകുന്നത് പരിശോധിക്കാൻ വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കും. സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ആരോഗ്യ-വിദ്യാഭ്യാസ വിദഗ്ധർ, രാഷ്ട്രീയപ്പാർട്ടിനേതാക്കൾ എന്നിവരുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു..

18-വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ലാത്തതിനാൽ പരീക്ഷ നടത്തുന്നത് രോഗവ്യാപനം വർധിപ്പിച്ചേക്കുമെന്നാണ് സർക്കാരിന് ലഭിച്ച ഉപദേശം. പരീക്ഷ റദ്ദാക്കുന്നത് തുടർപഠനത്തെ ബാധിക്കില്ലെന്നും സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് പൊതുപരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനപ്പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.