ചെന്നൈ: ഹിന്ദിയോടുള്ള എതിര്‍പ്പുകാരണം തമിഴ്‌നാട്ടില്‍ ജവാഹര്‍ നവോദയ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നു.

ഗ്രാമീണമേഖലയില്‍നിന്നുള്ളവര്‍ക്കും പാവപ്പെട്ട കുട്ടികള്‍ക്കും ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ മികച്ചവിദ്യാഭ്യാസം നല്‍കുന്ന നവോദയ വിദ്യാലയങ്ങളെ തമിഴ്‌നാട്ടില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ മുപ്പതുവര്‍ഷമായി പടിക്കുപുറത്തു നിര്‍ത്തുകയാണ്.
 
വിദ്യാലയങ്ങള്‍ തുടങ്ങാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന് പലതവണ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സര്‍ക്കാരിന് പ്രത്യേകനിര്‍ദേശവും നല്‍കി. എന്നാല്‍ ഇപ്പോഴും മുടന്തന്‍ന്യായങ്ങള്‍ നിരത്തി ഇതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഗ്രാമീണമേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നു എന്നു ചൂണ്ടിക്കാട്ടി മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പൊതുപരീക്ഷ(നീറ്റ്)യ്‌ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇതേ സര്‍ക്കാരാണ് ഗ്രാമീണ- ദരിദ്രവിദ്യാര്‍ഥികള്‍ക്ക് മികച്ചസൗകര്യങ്ങള്‍ നല്‍കുന്ന നവോദയവിദ്യാലയങ്ങളെ എതിര്‍ക്കുന്നത്.

1986-ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണ് ജവാഹര്‍ നവോദയ വിദ്യാലയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും നവോദയ വിദ്യാലയങ്ങള്‍ ഉണ്ട്.
 
എന്നാല്‍, തമിഴ്‌നാട് മാത്രം ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. തൊട്ടടുത്തുളള പുതുച്ചേരിയിലും കാരയ്ക്കലിലും നവോദയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ഹിന്ദിയില്‍ അധ്യയനം നടത്തുന്ന കേന്ദ്രീയവിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനു തമിഴ്‌നാട് മടികാട്ടുന്നുമില്ല.

പുതുതായി തുടങ്ങുന്ന പല സ്വകാര്യസ്‌കൂളുകളിലും ഹിന്ദി പഠിപ്പിക്കുന്നുണ്ട്. കുട്ടികളില്‍ അനാവശ്യമായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു എന്നകാരണംപറഞ്ഞ് നവോദയയെ എതിര്‍ക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഹിന്ദി പഠിപ്പിക്കുന്ന സ്വകാര്യസ്‌കൂളുകള്‍ക്ക് അനുമതി നല്‍കുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.
 
നവോദയയില്‍ ഹിന്ദിക്കും ഇംഗ്ലീഷിനുമൊപ്പം പ്രാദേശികഭാഷകള്‍ കൂടി പഠിക്കാന്‍ അവസരമുണ്ടെന്ന കാര്യം തമിഴ്‌നാട് തിരിച്ചറിയുന്നില്ല. ഹിന്ദിയോട് ദ്രാവിഡ പാര്‍ട്ടികള്‍ വര്‍ഷങ്ങളായി കാട്ടുന്ന വിരോധമാണ് നവോദയയുടെ കാര്യത്തിലും തുടരുന്നതെന്ന് ആക്ഷേപമുണ്ട്. ഹിന്ദിക്കെതിരേ വന്‍പ്രക്ഷോഭം നടന്ന സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്.