ചെന്നൈ: പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം ഡി.എം.കെ. അധികാരത്തിലെത്തുമ്പോൾ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ. സ്റ്റാലിന്റെ കൈകളിലായിരിക്കും തമിഴകത്തിന്റെ ഭരണചക്രം.

മുഖ്യമന്ത്രിപദവി സ്റ്റാലിന്റെ ചിരകാലസ്വപ്നമായിരുന്നു. ഇതു യാഥാർഥ്യമാകാൻ കാത്തിരുന്നത് നാലരപ്പതിറ്റാണ്ട്‌. 1966-ൽ ഡി.എം.കെ. യുവജന വിഭാഗം രൂപവത്കരണ സമിതി അംഗമായി രാഷ്ട്രീയപ്രവേശം. 1974-ൽ പാർട്ടി ജനറൽ കൗൺസിൽ അംഗത്വം. 1976-ൽ അടിയന്തരാവസ്ഥയ്ക്കെതിരേ ശബ്ദമുയർത്തിയതിന് ജയിൽവാസം. 1983-ൽ ഡി.എം.കെ. യുവജന വിഭാഗം സെക്രട്ടറി. തുടർന്നങ്ങോട്ടാണ് സ്റ്റാലിൻ വളർച്ചയുടെ പടവുകൾ കയറുന്നത്.

1989-ൽ ചെന്നൈ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. 1996-ലും 2001-ലും 2006-ലും വിജയം ആവർത്തിച്ചു. 2011- ലും 2016- ലും കൊളത്തൂർ മണ്ഡലത്തിൽനിന്നും വിജയം. ഇതേ മണ്ഡലമാണ് ഇപ്പോഴും തുണച്ചത്. ഈ വിജയത്തിലൂടെ സെയ്‌ന്റ് ജോർജ് കോട്ടയിലെ അധികാരക്കസേരയിലേക്കാണ് യാത്ര.

ക്ഷമയായിരുന്നു സ്റ്റാലിന്റെ ആയുധം. രാഷ്ട്രീയത്തിൽ കഴിവു തെളിയിച്ചിട്ടും പിതാവിന്റെ നിഴലായി നിന്നിട്ടും 2006 -ൽ 53-ാം വയസ്സിൽ മാത്രമാണ് സ്റ്റാലിനെത്തേടി മന്ത്രിപദവിയെത്തുന്നത്. 2009- ൽ കരുണാനിധി മന്ത്രിസഭയ്ക്കു കീഴിൽ ഉപമുഖ്യമന്ത്രിയായി. 1996-മുതൽ 2001- വരെ ചെന്നൈ മേയറായിരുന്നു. 2001 ൽ വീണ്ടും മേയറായി. ഒരാൾക്ക് ഒരേസമയം എം.എൽ.എയും മേയറുമാകാൻ കഴിയില്ലെന്ന ജയലളിത സർക്കാരിന്റെ നിയമംകാരണം സ്ഥാനം ഒഴിയേണ്ടി വന്നു.

ഡി.എം.കെ. ഖജാൻജി, വർക്കിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച സ്റ്റാലിൻ ജയലളിതയ്ക്കുമുമ്പ് രാഷ്ട്രീയത്തിലെത്തിയതാണ്. ജയലളിത അഞ്ചുവട്ടം മുഖ്യമന്ത്രിയായപ്പോഴും അധികാരത്തിന്റെ ഉന്നതിയിലെത്താൻ സ്റ്റാലിനു സാധിച്ചില്ല. സ്വന്തം മകനായാൽപ്പോലും താൻ ജീവിച്ചിരിക്കെ ഡി.എം.കെയിൽ മറ്റൊരാൾ മുഖ്യമന്ത്രി സ്ഥാനം മോഹിക്കരുതെന്ന കടുത്ത നിലപാടിലായിരുന്നു കരുണാനിധി. 2018- ഓഗസ്റ്റ് ഏഴിന്‌ കരുണാനിധി അന്തരിച്ചതിനുശേഷം സെപ്റ്റംബർ 28-നാണ് സ്റ്റാലിൻ ഡി.എം.കെ. അധ്യക്ഷനാവുന്നത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയമായിരുന്നു. ഈ അവസരത്തിലാണ് സ്റ്റാലിൻ പാർട്ടി നേതൃത്വം ഏറ്റെടുക്കുന്നത്. ജനസമ്പർക്ക യാത്രകളുമായി സാധാരണ ജനങ്ങളെ ഡി.എം.കെയുമായി കൂടുതലടുപ്പിച്ചു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ 39 ൽ 38 സീറ്റുകൾ നേടി ഡി.എം.കെ വൻവിജയം നേടി. സ്റ്റാലിന്റെ നേതൃപാടവം വീണ്ടും വാഴ്ത്തപ്പെട്ടു. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡി.എം.കെയെ വിജയത്തിലെത്തിച്ചു.

1953- മാർച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനോടുള്ള കടുത്ത ആരാധനകാരണമാണ് കരുണാനിധി മകന് സ്റ്റാലിൻ എന്നു പേരിട്ടത്. ബിരുദധാരിയാണ്. ദുർഗയാണ് ഭാര്യ. ഉദയനിധിയും സെന്താമരയും മക്കളാണ്.

Content Highlights: Tamil Nadu Stalin