ചെന്നൈ: ‘എന്റെവോട്ട് വിൽക്കാനില്ല’ എന്നെഴുതി വീടിനുമുന്നിൽ ബോർഡ് തൂക്കാൻ ആഹ്വാനവുമായി മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ. ‘ആത്മാഭിമാനമുള്ള തമിഴരോട് ഒരപേക്ഷ. എന്റെ വോട്ട് വിൽപ്പനയ്ക്കില്ലെന്ന് ഒരു ബോർഡിലെഴുതി വീടിനുമുന്നിൽ തൂക്കൂക. നായ-നരികളൊന്നും നമ്മെ സമീപിക്കാതിരിക്കട്ടെ.’ -കമൽ ട്വീറ്ററിൽ കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി രൂപവത്കരിക്കാനാണ് കമൽ ശ്രമിക്കുന്നത്. സമത്വമക്കൾ കക്ഷി നേതാവ് ശരത്കുമാറുമായി ചേർന്ന് ഇതിന്റെ നടപടികൾ തുടങ്ങിയിട്ടുണ്ട്. കമൽ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ശരത്കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. മുന്നണികൾ വിട്ടുവരുന്നവരെയും ചെറുപാർട്ടികളെയും ചേർത്തുള്ള മൂന്നാം മുന്നണിക്ക് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.