ചെന്നൈ: തമിഴ്‌നാടിനകത്ത് സഞ്ചരിക്കാൻ ഇനി അപേക്ഷിച്ചയുടൻ ഇ-പാസ് ലഭിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ആധാർ കാർഡിന്റെയോ റേഷൻ കാർഡിന്റെയോ പകർപ്പ്, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷിച്ചാൽ ഉടനെ പാസ് ലഭിക്കും. 17 മുതലാണ് ഇത് പ്രാവർത്തികമാവുക. എന്നാൽ, അത്യാവശ്യ യാത്രകൾക്ക് മാത്രമായിരിക്കണം പാസ് ഉപയോഗിക്കുന്നതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. അതേസമയം ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് വിവിധ വകുപ്പുകളുടെ പരിശോധനയും മറ്റും കഴിഞ്ഞേ പാസ് ലഭിക്കൂ. അതിനാൽ കാലതാമസമുണ്ടാകും. ചിലരുടെ അപേക്ഷകൾ തള്ളുന്നുമുണ്ട്.

ജൂൺ 15 മുതൽ ജൂലായ് അഞ്ചുവരെ ചെന്നൈയിലും സമീപ ജില്ലകളിലും സന്പൂർണ ലോക്ഡൗൺ ആയിരുന്നു. ജൂൺ 11-ന് ഇതുസംബന്ധിച്ച പ്രഖ്യാനമുണ്ടായതോടെ ധാരാളംപേർ ചെന്നെയിൽനിന്ന് സ്വന്തം നാടുകളിലേക്ക് പോയി. ഇവർ കാരണം സംസ്ഥാനത്ത് വൻതോതിൽ രോഗവ്യാപനമുണ്ടായി. പാസെടുക്കാതെ യാത്ര ചെയ്തതിനാൽ ഇത്തരക്കാരെ കണ്ടുപിടിച്ച് സന്പർക്കവിലക്കിലാക്കാൻ പറ്റിയില്ല. ഇതോടെയാണ് ജില്ലവിട്ടുപോകുമ്പോൾ പാസെടുക്കണമെന്ന വ്യവസ്ഥ കർശനമാക്കിയത്.

എന്നാൽ, ഇ-പാസ് ലഭിക്കാൻ കാലതാമസം നേരിട്ടത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ഇതിനിടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇ-പാസ് വാങ്ങിക്കൊടുക്കാൻ ഇടനിലക്കാരുടെ സംഘങ്ങളും ഉടലെടുത്തു. ചിലർ വ്യാജ ഇ-പാസുകളോടെ സഞ്ചരിക്കാനും തുടങ്ങി. ഇതോടെ പാസ് കിട്ടാനുള്ള കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും ചെറുകിട വ്യവസായികളും രംഗത്തത്തി. ഇതേത്തുടർന്നാണ് അപേക്ഷിച്ചയുടൻ ഇ-പാസ് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Content Highlights: Tamil Nadu e-pass