ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യംതുടരാൻ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും ധാരണയായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ചെന്നൈ സന്ദർശനത്തിലാണ് ഇരുപാർട്ടികളും ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനമെടുത്തത്. സീറ്റ് പങ്കിടൽ അടക്കമുള്ള വിഷയങ്ങളിൽ ഷായുടെ നേതൃത്വത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം അടക്കമുള്ള എ.ഐ.എ.ഡി.എം.കെ. നേതാക്കളുമായി ചർച്ച നടത്തി. ബി.ജെ.പി. 50 സീറ്റുകൾ ആവശ്യപ്പെട്ടതായാണ് സൂചന. തമിഴ്‌നാട്ടിൽ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.

എ.ഐ.എ.ഡി.എം.കെ. കോ-ഓർഡിനേറ്റർ കൂടിയായ ഒ. പനീർശെൽവം സഖ്യം തുടരുമെന്ന് വ്യക്തമാക്കി. പളനിസ്വാമിയും ഇക്കാര്യം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നടന്ന ചടങ്ങിൽ പ്രസംഗിച്ച അമിത് ഷാ സംസ്ഥാനസർക്കാരിനെ പുകഴ്ത്തുകയും കോൺഗ്രസിനെയും ഡി.എം.കെ.യെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഔദ്യോഗിക പരിപാടികൾക്കുശേഷം അമിത് ഷാ താമസിക്കുന്ന ഹോട്ടലിലായിരുന്നു എ.ഐ.എ.ഡി.എം.കെ. നേതാക്കളുമായുള്ള അന്തിമ ചർച്ച. മുക്കാൽ മണിക്കൂറോളം നീണ്ട ചർച്ചയിൽ സീറ്റ് പങ്കിടൽ അടക്കമുള്ള വിഷയങ്ങളിൽ പ്രാഥമിക ധാരണയിലെത്തുകയായിരുന്നു.

സംസ്ഥാനത്തെ പ്രധാന മുരുകൻ ക്ഷേത്രങ്ങൾ സന്ദർശിച്ച് ബി.ജെ.പി. നടത്തുന്ന വെട്രിവേൽ യാത്രയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതിനെ ചൊല്ലി ഇരുപാർട്ടികളും കൊമ്പുകോർക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഷായുടെ സന്ദർശനം. എ.ഐ.എ.ഡി.എം.കെ. നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കളുമായി അമിത് ഷാ ആലോചനായോഗം നടത്തി. ഞായറാഴ്ച രാവിലെ ഷാ ഡൽഹിയിലേക്ക് മടങ്ങും.

കോൺഗ്രസിനെപ്പോലെ ഡി.എം.കെ.യെയും ജനങ്ങൾ പാഠംപഠിപ്പിക്കും -അമിത് ഷാ

ചെന്നൈ: കുടുംബവാഴ്ച തുടരുന്ന കോൺഗ്രസിനെ ദേശീയതലത്തിൽ ജനങ്ങൾ പാഠംപഠിപ്പിച്ചതുപോലെ തമിഴ്‌നാട്ടിൽ ഡി.എം.കെ.യ്ക്കും തിരിച്ചടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്‌നാട്ടിൽ നടപ്പാക്കുന്ന ബ്രഹദ് പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഷാ. കേന്ദ്ര സർക്കാരിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഡി.എം.കെ. കോൺഗ്രസിന് ഒപ്പംചേർന്ന് വലിയ അഴിമതി നടത്തിയ ഇവർക്ക് വിമർശിക്കാൻ അർഹതയില്ല. 2ജി അഴിമതി കൂടാതെ കോടികളുടെ അഴിമതി കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ ഇരുപാർട്ടികളും നടത്തിയെന്നും ഷാ ആരോപിച്ചു.

Content Highlights: Tamil Nadu DMK BJP