ചെന്നൈ: തമിഴ്‌നാട്ടിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥികളെ പൊതുപരീക്ഷയില്ലാതെ ജയിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപനം. ഒൻപത്, പ്ലസ്‌വൺ വിദ്യാർഥികളെയും അടുത്ത ക്ലാസിലേക്ക് പരീക്ഷയില്ലാതെ ജയിപ്പിക്കും. കോവിഡ് കാരണമുണ്ടായ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി നിയമസഭയിൽ അറിയിച്ചു.

വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചും രക്ഷിതാക്കളുടെ ആവശ്യം കണക്കിലെടുത്തുമാണ് സർക്കാർ തീരുമാനം. ജയിപ്പിക്കുന്ന വിദ്യാർഥികൾക്ക് മാർക്ക് നൽകുന്നത് സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒൻപത്, പത്ത്, പ്ലസ്‌വൺ പരീക്ഷകൾ റദ്ദാക്കിയെങ്കിലും പ്ലസ്ടു പരീക്ഷ നടത്തും. ഇതിന്റെ ടൈംടേബിൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞമാസമാണ് സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസ് ആരംഭിച്ചത്. നിലവിൽ ഒൻപത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളാണ് നടക്കുന്നത്. കോവിഡ് വ്യാപനം മുൻനിർത്തി കഴിഞ്ഞ അധ്യയനവർഷവും തമിഴ്‌നാട്ടിൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ പരീക്ഷയില്ലാതെ ജയിപ്പിച്ചിരുന്നു.

Content Highlights: Tamil Nadu cancels class 10 board exams; promotes all students