ചെന്നൈ: പത്തുവർഷത്തിനുശേഷം തമിഴ്‌നാട്ടിൽ ഡി.എം.കെ. വീണ്ടും അധികാരത്തിലേക്ക്. 158 സീറ്റുകൾ നേടിയാണ് ഡി.എം.കെ. സഖ്യം വിജയിച്ചത്. നിലവിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എ.ഡി.എം.കെ. സഖ്യത്തിന് 76 സീറ്റുകൾ ലഭിച്ചു. 173 സീറ്റിൽ മത്സരിച്ച ഡി.എം.കെ.യ്ക്ക്‌ 125 സീറ്റുകളിൽ വിജയം നേടാനായി. സഖ്യകക്ഷികളായ കോൺഗ്രസ് 17-ഉം എം.ഡി.എം.കെ. നാലും സി.പി.എമ്മും സി.പി.ഐ.യും രണ്ടു വീതവും വി.സി.കെ. നാലും സീറ്റുകളിൽ വിജയിച്ചു.

അതേസമയം, എ.ഐ.എ.ഡി.എം.കെ.യ്ക്ക് മത്സരിച്ച 179 സീറ്റുകളിൽ 66-ൽ മാത്രമാണ് വിജയിക്കാനായത്. സഖ്യകക്ഷികളായ പി.എം.കെ.യ്ക്ക് അഞ്ചും ബി.ജെ.പി.ക്ക് നാലും സീറ്റുകൾ ലഭിച്ചു. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. 1996-നുശേഷം ആദ്യമായി ഡി.എം.കെ. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം സ്വന്തമാക്കി എന്നതും ശ്രദ്ധേയമാണ്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 89 സീറ്റിൽ ജയിച്ച ഡി.എം.കെ.യ്ക്ക് ഇത്തവണ അമ്പതിലധികം സീറ്റുകൾ കൂടുതൽ നേടാനായി.

അതേസമയം, എ.ഐ.എ.ഡി.എം.കെ. യുടെ അമ്പതിലധികം സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടു. ചെന്നൈ കൊളത്തൂർ മണ്ഡലത്തിൽ 20,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിൻ ജയിച്ചത്. മണ്ഡലത്തിൽ സ്റ്റാലിന്റെ ഹാട്രിക് വിജയംകൂടിയാണിത്. ഡി.എം.കെ.യുടെ മുഖ്യമന്ത്രിസ്ഥാനാർഥിയാണ്. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക് മണ്ഡലത്തിൽ കന്നിയങ്കത്തിൽ 50,000-ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഡി.എം.കെ. സഖ്യകക്ഷിയായ കോൺഗ്രസ് വർഷങ്ങൾക്കുശേഷം ഇത്തവണ മികച്ചപ്രകടനം കാഴ്ചവെച്ചു. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 154 സീറ്റുകളിൽ മത്സരിച്ച നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ പ്രകടനം ഏറെ പിന്നിലായി. കോയമ്പത്തൂർ സൗത്തിൽ കന്നിയങ്കം കുറിച്ച കമൽഹാസൻ വോട്ടെണ്ണലിന്റെ അവസാനഘട്ടംവരെ മുന്നിലെത്തിയെങ്കിലും ഒടുവിൽ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടു.

ടി.ടി.വി. ദിനകരന്റെ എ.എം.എം.കെ. ഒരുസീറ്റിൽപോലും വിജയിച്ചിട്ടില്ല. എടപ്പാടി പളനിസ്വാമി, ഒ. പനീർശെൽവം, എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, ദുരൈമുരുഗൻ, കെ.എൻ. നെഹ്രു തുടങ്ങിയവരാണ് ജയിച്ചവരിൽ പ്രമുഖർ. രാജേന്ദ്ര ബാലാജി, കെ. പാണ്ഡ്യരാജൻ, ഡി. ജയകുമാർ, ഖുശ്ബു, കെ. അണ്ണാമലൈ തുടങ്ങിയ പ്രമുഖർ പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നേതാക്കളുടെ തുടർച്ചയായ പ്രചാരണ പരിപാടികളിലൂടെ തമിഴകത്ത് കാലൂന്നാനുള്ള ബി.ജെ.പി.യുടെ ശ്രമം വിജയിച്ചില്ല.

അഭിപ്രായസർവേകളും എക്സിറ്റ് പോൾ പ്രവചനങ്ങളും ഡി.എം.കെ.യ്ക്ക് മുൻതൂക്കം നൽകിയിരുന്നു. 2016 തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. സഖ്യം 135-ഉം ഡി.എം.കെ. സഖ്യം 98- ഉം സീറ്റുകളുമാണ് നേടിയത്. 6.29 കോടി വോട്ടർമാരുള്ള തമിഴ്‌നാട്ടിൽ 72.81 ശതമാനമായിരുന്നു പോളിങ്.