ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ നാലു ജില്ലകളിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ. ചെന്നൈ, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലാണ് 19 മുതൽ 30 വരെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആരോഗ്യ വിദഗ്ധരുമായുള്ള ചർച്ചകൾക്കും മന്ത്രിസഭായോഗത്തിനും ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യമറിയിച്ചത്. അവശ്യസേവനങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകും. ആശുപത്രികൾ, പരിശോധനാ കേന്ദ്രങ്ങൾ, ലാബുകൾ, ആംബുലൻസ് തുടങ്ങി വൈദ്യസംബന്ധമായ പ്രവർത്തനങ്ങൾ അനുവദിക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് ഉപാധികളോടെ തീവണ്ടി-വിമാന സർവീസുകൾ അനുവദിക്കും. വൈദ്യസംബന്ധമായ അടിയന്തര ഘട്ടങ്ങൾക്കൊഴികെ ഓട്ടോ-ടാക്‌സി സേവനം ഉണ്ടാവില്ല. പലചരക്ക്, പച്ചക്കറി കടകൾ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കും. അവശ്യസാധന കടകളും സഞ്ചരിക്കുന്ന കച്ചവടവും രാവിലെ ആറുമുതൽ ഉച്ചയ്ക്കു രണ്ടുവരെ അനുവദിക്കും. വാഹനങ്ങൾ ഉപയോഗിച്ച് രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള കടകളിൽനിന്ന് മാത്രമേ അവശ്യവസ്തുക്കൾ വാങ്ങാവൂ എന്നും നിർദേശം നൽകി.

കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ 33 ശതമാനം ജീവനക്കാരെവെച്ച് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർ ഹാജരാകേണ്ടതില്ല. 29-നും 30-നും ബാങ്കുകൾ പ്രവർത്തിക്കും. എ.ടി.എം. കേന്ദ്രങ്ങൾ എല്ലാ ദിവസവും ഉണ്ടാകും. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ആറുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. പാഴ്‌സൽ മാത്രമായിരിക്കും ഉണ്ടാവുക. ചായക്കടകൾ തുറക്കില്ല. അമ്മ കാന്റീനുകളും സാമൂഹിക അടുക്കളകളും തുറക്കും. അടിയന്തരാവശ്യങ്ങൾക്ക് പോകുന്നവർക്കു മാത്രമേ പുറത്തേക്കുള്ള ഇ-പാസ് അനുവദിക്കുകയുള്ളൂ. കോടതികളും പത്ര-ദൃശ്യ മാധ്യമങ്ങളും പ്രവർത്തിക്കും.

ചെന്നൈയിൽ സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കിക്കൂടേയെന്ന് മദ്രാസ് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിനു തയ്യാറല്ലെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. എന്നാൽ, തിങ്കളാഴ്ച പൊടുന്നനെ തീരുമാനം മാറ്റുകയായിരുന്നു. മൂന്നു മാസത്തിനുശേഷം കോവിഡിന്റെ രണ്ടാംവരവുണ്ടാകുമെന്നും രോഗബാധിതർ പെരുകുമെന്നും ചെന്നൈയും സമീപജില്ലകളും കർശന നിയന്ത്രണങ്ങൾ നടപ്പാക്കണമെന്നും ഡോക്ടർമാരുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തതിനു തൊട്ടുപിന്നാലെയാണ് സർക്കാർ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. രണ്ടാംവരവിൽ കോവിഡിന് വീര്യം കൂടുമെന്നും മരണം വർധിക്കുമെന്നും സമിതി ബോധ്യപ്പെടുത്തി. രാജ്യത്ത് കോവിഡ് പടരുന്നതിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ഇതിനകം 45,000-ത്തിലധികം പേർക്ക് ഇവിടെ കോവിഡ് ബാധിച്ചു. മരണം 450-ഓളമായി. ചെന്നൈയിൽ മാത്രം 32,000-ത്തിലധികം കോവിഡ് ബാധിതരുണ്ട്.

Content Highlights: Tamil Nadu announces 'full' lockdown in Chennai, other parts as coronavirus cases rise