സൂറിച്ച്/ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50.2 ശതമാനത്തോളം വർധിച്ച് 7,000 കോടി രൂപയായി. 2017-ലെ കണക്കാണിത്. സ്വിസ് നാഷണൽ ബാങ്ക് (എസ്.എൻ.ബി.) വ്യാഴാഴ്ച പുറത്തിറക്കിയ വാർഷികവിവരറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കള്ളപ്പണത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന്‌ കേന്ദ്രസർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ഈ വർധന.

മൂന്നുവർഷം തുടർച്ചയായി കൂപ്പുകുത്തിയ നിക്ഷേപമാണ് കഴിഞ്ഞവർഷം ഉയർന്നത്. 2016-ൽ സ്വിസ് ബാങ്കിലെ ഇന്ത്യൻനിക്ഷേപം 45 ശതമാനം കുറഞ്ഞ് 4,500 കോടിയിലെത്തിയിരുന്നു. 1987-ൽ സ്വിസ് ബാങ്ക് വിവരങ്ങൾ പരസ്യപ്പെടുത്താൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവുംവലിയ കുറവായിരുന്നു ഇത്.

2017-ൽ ഇന്ത്യൻ ഉപഭോക്താക്കളുടെ നിക്ഷേപമായി സ്വിസ് ബാങ്കിലെത്തിയത് 3,200 കോടിയാണ്. മറ്റുബാങ്കുകൾ വഴിയെത്തിയത് 1,050 കോടിയും കടപ്പത്രമടക്കമുള്ളവ വഴിയെത്തിയത് 2,640 കോടിയുമാണ്.

കള്ളപ്പണസാധ്യത പരിശോധിക്കുന്നതിന് ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ എന്ന സംവിധാനം വഴി ഇന്ത്യയുമായി വിവരങ്ങൾ പങ്കുവയ്ക്കാൻ സ്വിറ്റ്സർലൻഡ് തീരുമാനിച്ച് മാസങ്ങൾക്കകമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് സ്വിറ്റ്സർലൻഡ് ഇതുസംബന്ധിച്ച നിയമഭേദഗതി കൊണ്ടുവന്നത്.

ഇപ്പോൾ പുറത്തുവിട്ട കണക്കുകളിൽ ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റുരാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരിൽ ഇന്ത്യക്കാർ നിക്ഷേപിച്ചേക്കാവുന്ന തുകയുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.