ഉഡുപ്പി (കര്‍ണാടക): ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതുവരെ ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് മുതിര്‍ന്ന ഹിന്ദുനേതാവ്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ മറികടക്കുന്നതിനുവേണ്ടിയാണിതെന്ന് ഹരിദ്വാറിലെ ഭാരത്മാതാ മന്ദിറിലെ സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ് പറഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ഹിന്ദുധര്‍മ സന്‍സദില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഹിന്ദുക്കള്‍ക്കുമാത്രം രണ്ട് കുട്ടികള്‍ മതിയെന്ന നയം മാറ്റണം. ഹിന്ദു ജനസംഖ്യ കുറഞ്ഞ ഭൂപ്രദേശങ്ങള്‍ ഇന്ത്യക്ക് നഷ്ടമായി. ഇത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയില്‍ കലാശിച്ചു.' -അദ്ദേഹം പറഞ്ഞു.

ഗോരക്ഷകരെന്ന് നടിച്ച് ചില കുറ്റവാളികള്‍ വ്യക്തിപരമായ പകവീട്ടലുകള്‍ നടത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോരക്ഷകര്‍ സമാധാനപ്രിയരാണ്. ചില സ്ഥാപിതതാത്പര്യക്കാരാണ് അവരെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.