ന്യൂഡൽഹി: സാമൂഹികപ്രവർത്തകനും ആര്യസമാജം നേതാവുമായ സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലിയറിയിൽ വെള്ളിയാഴ്ച വൈകീട്ട് ആറിനായിരുന്നു അന്ത്യം. കരൾ രോഗബാധിതനായിരുന്നു.
1939 സെപ്റ്റംബർ 21-ന് ആന്ധ്രപ്രദേശിലെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച സ്വാമി അഗ്നിവേശിന് അച്ഛനമ്മമാരിട്ട പേര് വേപ ശ്യാം റാവു എന്നാണ്. നിയമത്തിലും ബിസിനസ് മാനേജ്മെന്റിലും ബിരുദം നേടിയ അദ്ദേഹം കുറച്ചുകാലം കൊൽക്കട്ടയിൽ ലക്ചററായും പിന്നീട് അഭിഭാഷകനായും ജോലി ചെയ്തു. 1968-ൽ ആര്യസമാജത്തിന്റെ മുഴുവൻസമയ പ്രവർത്തകനായി. രണ്ടുവർഷത്തിനുശേഷം സന്ന്യാസിയായി. ആര്യ സമാജത്തിന്റെ ആശയങ്ങളിൽ അധിഷ്ഠിതമായി ‘ആര്യ സഭ’ എന്ന രാഷ്ട്രീയപ്പാർട്ടിക്കു രൂപംകൊടുത്തു.
അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും 14 മാസം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കുറച്ചുകാലം ഹരിയാണയിൽ മന്ത്രിയായിരുന്നു. 2004 മുതൽ 2014 വരെ ആര്യ സമാജം വേൾഡ് കൗൺസിലിന്റെ അധ്യക്ഷനായിരുന്നു.
Content Highlights: Swami Agnivesh obituary