പാകുട് (ജാർഖണ്ഡ്): പ്രകോപനമില്ലാതെയാണ് തന്നെ മർദിച്ചതെന്ന് സ്വാമി അഗ്നിവേശ് വാർത്താ ഏജൻസി പി.ടി.ഐ.യോട് പറഞ്ഞു. “ഞാൻ വേദിയിൽനിന്നിറങ്ങിയ ഉടനെ യുവമോർച്ച, എ.ബി.വി.പി. പ്രവർത്തകർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ഞാൻ ഹിന്ദുക്കൾക്കെതിരേ സംസാരിക്കുകയാണെന്ന് അവർ ആരോപിച്ചു. ജാർഖണ്ഡ് സമാധാനമുള്ള സംസ്ഥാനമാണെന്നാണ് ഞാൻ കരുതിയത്. ഇതോടെ എന്റെ കാഴ്ചപ്പാട് മാറി” -അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് സംഭവത്തിൽ പങ്കില്ലെന്ന് ബി.ജെ.പി. വക്താവ് പി. ഷാഹ്ദേവ് പറഞ്ഞു. അഗ്നിവേശിന്റെ മുൻകാലചരിത്രം നോക്കിയാൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി നടക്കുന്നിടത്ത് പോലീസുണ്ടായിരുന്നില്ലെന്നും സംഭവസ്ഥലത്തെത്താൻ അഭ്യർഥിച്ചിട്ടും എസ്.പി.യോ ജില്ലാ മജിസ്‌ട്രേറ്റോ തയ്യാറായില്ലെന്നും അഗ്നിവേശ് പറഞ്ഞു. സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽനിന്ന് പ്രതികളെ മനസ്സിലാകുമെന്നും അവരെ പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഗ്നിവേശ് ഹോട്ടലിൽനിന്ന് ഇറങ്ങിവരുമ്പോൾ ഒരുസംഘമാളുകൾ അദ്ദേഹത്തെ വളഞ്ഞ് ആക്രമിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി രഘുബർ ദാസ് ഉത്തരവിട്ടു. ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്കാരം, രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം എന്നിവ നേടിയിട്ടുള്ള അഗ്നിവേശ്, ഹിന്ദുയിസം ഇൻ ദ ന്യൂ എയ്ജ്, റിലീജിയൻ റെവലൂഷൻ ആൻഡ് മാർക്സിസം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമാണ്.
അഗ്നിവേശിന്റെ പരിപാടിയെക്കുറിച്ച് മുൻകൂട്ടി അറിയിച്ചില്ലെന്ന് എസ്.പി. ശൈലേന്ദ്ര പ്രസാദ് ബൺവാൾ പറഞ്ഞു. കുറ്റക്കാരെ വെറുതേവിടില്ലെന്ന് പാകുട് സബ് ഡിവിഷണൽ പോലീസ് ഓഫീസർ അശോക് കുമാർ സിങ് പറഞ്ഞു.