ചെന്നൈ: നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡി.എം.കെ. എം.എല്‍.എ.മാര്‍ വ്യാഴാഴ്ച സഭയ്ക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സസ്‌പെന്‍ഷന്‍ അന്യായമാണെന്നും നിയമസഭയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച പതിവിലും നേരത്തെ നിയമസഭാപരിസരത്തെത്തിയ ഡി.എം.കെ. എം.എല്‍.എ.മാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. നിയമസഭയിലേക്കല്ല സഭാഹാളിനടുത്ത് പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള ചേംബറിലേക്കുപോവാനാണ് തങ്ങളെത്തിയതെന്ന് എം.എല്‍.എ.മാര്‍ പറഞ്ഞെങ്കിലും സുരക്ഷാ ജീവനക്കാര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ എം.എല്‍.എ.മാര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഏകാധിപതിയെപ്പോലെയാണ് സ്​പീക്കര്‍ പെരുമാറുന്നതെന്ന് ഡി.എം.കെ. ആരോപിച്ചു. ബുധനാഴ്ച പുതുച്ചേരിയിലായിരുന്ന തന്നെയും സ്​പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്ന് പോലൂര്‍ എം.എല്‍.എ. ശേഖര്‍ പറഞ്ഞു.

അതിനിടെ, എം.എല്‍.എ.മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാവില്ലെന്ന് സ്​പീക്കര്‍ ധനപാല്‍ പറഞ്ഞു. വ്യാഴാഴ്ച സഭയില്‍ ഹാജരായ ഡി.എം.കെ., കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ ആവശ്യത്തിന് മറുപടിയായാണ് സ്​പീക്കര്‍ നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ച 80 ഡി.എം.കെ എം.എല്‍.എ.മാരെയാണ് സ്​പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.
 
234 അംഗ നിയമസഭയില്‍ ഡി.എം.കെ.യ്ക്ക് 89 എം.എല്‍.എമാരുണ്ട്. ശാരീരികാസ്വാസ്ഥ്യം കാരണം ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധി സഭാസമ്മേളനങ്ങളില്‍ പങ്കെടുക്കാറില്ല. തന്റെ ചക്രക്കസേര നിയമസഭയ്ക്കുള്ളിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ സജ്ജീകരണം ഒരുക്കിയിട്ടില്ലെന്ന കാരണവും കരുണാനിധി ഉയര്‍ത്തുന്നുണ്ട്.

ഒരാഴ്ചത്തേക്കാണ് എം.എല്‍.എ.മാെര സ്​പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഡി.എം.കെ. ട്രഷററും പ്രതിപക്ഷനേതാവുമായ എം.കെ. സ്റ്റാലിന്‍ നിയമസഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി നടത്തിയ പ്രചാരണപരിപാടിയെ എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ. പരിഹസിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ ബഹളമാണ് എം.എല്‍.എ.മാരുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്.


27


സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ഡി.എം.കെ. എം.എല്‍.എ.മാര്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച നിയമസഭയ്ക്കുമുന്നില്‍ ധര്‍ണ നടത്തുന്നു