ശ്രീനഗർ: ജമ്മുകശ്മീരിൽ വാഹനങ്ങളിൽ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലൊസിവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾക്ക് സാധ്യതയെന്ന് പോലീസ്.

ഫെബ്രുവരി 14-ന് ജമ്മുവിലെ സാംബ മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിൽനിന്നും പാകിസ്താനിൽ നിന്നും ഡ്രോണിലെത്തിച്ച വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തിരുന്നു. കാന്തികബലത്താൽ വാഹനത്തിൽ ഒട്ടിപ്പിടിക്കുന്നതും പിന്നീട്, റിമോട്ടിന്റെയോ ടൈമറിന്റെയോ സഹായത്തോടെ സ്ഫോടനം നടത്താവുന്നതുമായ ഐ.ഇ.ഡികളും കണ്ടെത്തിയവയിൽ പെടുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വാഹനങ്ങൾ നിർത്തിയിടുമ്പോൾ ശ്രദ്ധിക്കണമെന്ന് പോലീസ്‌ മുന്നറിയിപ്പ് നൽകി.

ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്.) പുറത്തിറക്കിയ ഇത്തരം ബോംബുകളെക്കുറിച്ചും അവയുടെ സ്ഫോടകശേഷിയെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഫ്ഗാൻ ഭീകരർ പരിശീലനത്തിനായി ഉപയോഗിക്കുന്ന വീഡിയോ കശ്മീരിഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയതാണിതെന്ന് അധികൃതർ വ്യക്തമാക്കി. എങ്ങനെ ഐ.ഇ.ഡി. ഉപയോഗിച്ച് സ്ഫോടനത്തിന്റെ ശക്തി കൂട്ടാമെന്നും വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്.

അഫ്ഗാനിസ്താനിൽ യു.എസ്. നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കെതിരേ താലിബാനും ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരരും ഇത്തരം കാന്തിക ഐ.ഇ.ഡികൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് പതിവാണ്.