ജമ്മുകശ്മീർ അതിർത്തിയിൽ സംഘർഷത്തിന് അയവുവന്നില്ലെങ്കിലും സ്ഥിതിഗതികൾ യുദ്ധസമാനമായ നിലയിലേക്കു വളർന്ന് കൂടുതൽ വഷളാവില്ലെന്നുറപ്പായി. പഴയ വെടിനിർത്തൽ ധാരണ ലംഘിച്ച് നിയന്ത്രണരേഖയിൽ പലയിടങ്ങളിലും വെടിവെപ്പ് നടക്കുന്നുണ്ടെങ്കിലും ബുധനാഴ്ച ഓരോ വിമാനങ്ങൾ ഇരുരാജ്യങ്ങളും വെടിവെച്ചു വീഴ്ത്തിയതുപോലുള്ള സംഭവങ്ങളൊന്നും വ്യാഴാഴ്ച ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

അതിർത്തിയിൽ മുഴുവനുമില്ലാതെ ഒരു പ്രദേശത്തു മാത്രം നടക്കുന്ന പരിമിതയുദ്ധത്തിന്റെ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. എന്നാൽ, തത്കാലം ഇതിനപ്പുറം പ്രകോപനം വേണ്ടന്ന ബോധ്യത്തിൽ ഇന്ത്യയും പാകിസ്താനും വ്യാഴാഴ്ച എത്തിയതായിവേണം അനുമാനിക്കാൻ. അന്തരാഷ്ട സമ്മർദമുൾപ്പെടെയുള്ള കാരണങ്ങൾ ഇതിനുപിന്നിലുണ്ട്.

കാർഗിലിൽ നടന്നതുപോലുള്ള സൈനിക ഏറ്റുമുട്ടലൊഴിവാക്കാൻ രണ്ടുദിവസങ്ങളായി അന്താരാഷ്ട്രതലത്തിൽ വലിയതോതിൽ ഇടപെടൽ നടന്നിരുന്നു. മേഖലയിൽനിന്ന് ‘നല്ല വാർത്ത’ ഉടൻ കേൾക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച രാവിലെ പ്രസ്താവിക്കുകയും ചെയ്തു.

തങ്ങളുടെ കസ്റ്റഡിയിലുള്ള പൈലറ്റ് അഭിനന്ദനെ മുന്നിൽനിർത്തി വിലപേശാൻ പാകിസ്താനെ അനുവദിക്കില്ലെന്നും ജനീവ കൺവെൻഷൻ പ്രകാരം അദ്ദേഹത്തെ മോചിപ്പിക്കണമെന്നുമുള്ള നിലപാട് വ്യാഴാഴ്ച രാവിലെ ഇന്ത്യ ആവർത്തിച്ചിരുന്നു. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നൽകിയ തെളിവുകളിൽ പാകിസ്താൻ നടപടിയെടുക്കണമെന്ന് സമാധാനദൗത്യവുമായി ഇടപെട്ട രാഷ്ട്രങ്ങളെ അറിയിക്കുകയും ചെയ്തു.

സമാധാനസന്ദേശമായി അഭിനന്ദനെ വെള്ളിയാഴ്ച മോചിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പാർലമെന്റിൽ പ്രസ്താവന നടത്തിയത് അതിനുശേഷമാണ്. ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞദിവസംതന്നെ അദ്ദേഹം പറഞ്ഞിരുന്നു. അതിനു തുടർച്ചയായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിക്കാനുള്ള താത്പര്യം അദ്ദേഹം വ്യാഴാഴ്ച പ്രകടിപ്പിച്ചു. രണ്ടാവശ്യങ്ങളോടും ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഈ പാക്‌നീക്കങ്ങൾ പിരിമുറുക്കത്തിൽ അല്പം അയവുണ്ടാക്കിയതായിവേണം അനുമാനിക്കാൻ.

സൈനികനീക്കത്തിനോ യുദ്ധസമാനതയിലേക്ക് സംഘർഷം വളരാനോ സാധ്യത കുറവാണെങ്കിലും ഇരുരാജ്യങ്ങളും എന്തും നേരിടാനുള്ള തയ്യാറെടുപ്പിൽത്തന്നെയാണുള്ളത്. പാകിസ്താൻ അവരുടെ ആകാശം യാത്രാവിമാനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ല. ഇന്ത്യയിലേക്കുള്ള സംഝോത എക്സ്പ്രസ് സർവീസും ബസ് സർവീസും നിർത്തിവെച്ചു. പാക് യാത്രാവിമാനങ്ങൾക്ക് ഇന്ത്യയും അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ, ഹൈക്കമ്മിഷണർമാരെ പരസ്പരം തിരിച്ചുവിളിക്കുകയോ നയതന്ത്രബന്ധം തത്കാലത്തേക്കെങ്കിലും മരവിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് സമാധാനത്തിന്റെ വാതിലുകൾ കൊട്ടിയടച്ചിട്ടില്ല എന്നതിനു തെളിവാണ്.

പാർലമെന്റ് ആക്രമണം നടന്നപ്പോൾ യുദ്ധത്തിലേക്കു നീങ്ങാവുന്നവിധം സൈനികനീക്കം നടന്നിരുന്നു. ആ ഘട്ടത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ചിരുന്നു. പാകിസ്താൻ, സൈനികകേന്ദ്രം ആക്രമിക്കാനാണ് പോർവിമാനങ്ങൾ അയച്ചതെന്നും അപ്പോൾത്തന്നെ തിരിച്ചടികൊടുത്തുവെന്നും ഇന്ത്യ വ്യാഴാഴ്ചയും ആവർത്തിച്ചു. വെടിവെച്ചിട്ട എഫ്-16ന്റെ ഭാഗങ്ങൾ തെളിവായി കാണിക്കുകയും ചെയ്തു. വീണ്ടുമൊരു പ്രകോപനം പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ വ്യോമാക്രമണത്തിനോ അതിർത്തികടന്നുള്ള ഇടപെടലിനോ ഇനി ഇന്ത്യ തയ്യാറാവില്ല.

സംഘർഷത്തിലേക്കുപോകാൻ താത്പര്യമില്ലെന്നും ഭീകരരെ നശിപ്പിക്കാനുള്ള സൈനികേതര നടപടി മാത്രമാണ് ലക്ഷ്യമെന്നും ബാലാകോട്ട് ആക്രമണം നടന്നയുടൻതന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച വിവിധ വിദേശരാജ്യ അംബാസഡർമാരെ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു. ഇമ്രാൻഖാൻ ആവശ്യപ്പെട്ടതുപോലെ ഉന്നതതലത്തിൽ പാകിസ്താനുമായി ചർച്ചവേണോ എന്നകാര്യം സ്ഥിതിഗതികൾ വിലയിരുത്തിയശേഷമേ തീരുമാനിക്കൂ. ഇപ്പോഴത്തെ നിലയ്ക്ക് അതിന് ഒരു സാധ്യതയും കാണുന്നില്ല.

പാകിസ്താനിലെ പഞ്ചാബിലുള്ള ഗുരുദ്വാര ദർബാർ സാഹിബിലേക്കുള്ള കത്താർപുർ ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും മാർച്ച് 14-ന് ചർച്ചനടത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. സ്ഥിതിഗതികൾ വഷളായില്ലെങ്കിൽ അതിൽ മാറ്റമുണ്ടാവില്ലെന്ന് അനൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

Content Highlights: Surgical strike2, Balakot attack